ഡോ. ജി എന്‍ സായിബാബയുടെ മാതാവ് സൂര്യവതി അന്തരിച്ചു

രണ്ടാഴ്ചയോളമായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന മാതാവിനെ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജി എന്‍ സായിബാബ കോടതിയിലെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിച്ചിരുന്നു.

Update: 2020-08-01 13:00 GMT

ഹൈദരാബാദ്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രഫസറുമായിരുന്ന ഡോ. ജി എന്‍ സായിബാബയുടെ മാതാവ് ഗോകല്‍ഖൊണ്ട സൂര്യവതി അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെ ഹൈദരാബാദിലെ നിംസിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതയായിരുന്നു. അംഗവൈകല്യമുള്ള ജി എന്‍ സായിബാബയെ മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചാര്‍ത്തി വര്‍ഷങ്ങളായി ജയിലിലടച്ചിരിക്കുകയാണ്. രണ്ടാഴ്ചയോളമായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന മാതാവിനെ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജി എന്‍ സായിബാബ കോടതിയിലെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിച്ചിരുന്നു.

    


മാവോവാദി ബന്ധം ആരോപിച്ചാണ് ജി എന്‍. സായിബാബയെ 2014 മെയ് 9ന് ഡല്‍ഹിയിലെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ വിചാരണയ്ക്കും ജയില്‍ വാസത്തിനുമൊടുവില്‍ യുഎപിഎ ഉള്‍പ്പടെ ചാര്‍ത്തപ്പെട്ട സായിബാബയെ 2017 മാര്‍ച്ചില്‍ ഗഡ്ച്ചിറോളി സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു. വീല്‍ ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന 90 ശതമാനം ശാരീരിക ബലഹീനതയുള്ള ഡോ. സായിബാബയെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു.

    മാതാവിന്റെ ആരോഗ്യനില അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അബോധാവസ്ഥയില്‍ വീഴുന്നതിനുമുമ്പ് മകനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും കാണിച്ച് സായിബാബയുടെ ഭാര്യ എ എസ് വസന്തകുമാരി കോടതിയെ സമീപിച്ചിരുന്നെങ്കിലും കഴിഞ്ഞ ആഴ്ചയും തള്ളുകയായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയിലുള്ള മാതാവിനെ കാണാന്‍ കോടതികള്‍ അനുമതി നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. 

Dr. G N Saibaba's mother Suryavathi passed away

Tags:    

Similar News