ഡോ. എം ഗംഗാധരന്‍: വിമര്‍ശനങ്ങളെ ഗൗനിക്കാതെ നിലപാടിലുറച്ചു നിന്ന വ്യക്തിത്വം
കോഴിക്കോട്: അന്തരിച്ച ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ വിമര്‍ശനങ്ങളെ ഗൗനിക്കാതെ തന്റെ നിലപാടുകളില്‍ ഉറച്ച് നിന്ന് വ്യക്തിത്വമായിരുന്നു എന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. മലബാര്‍ വിപ്ലവത്തിന്റെ ചരിത്രം വസ്തുനിഷ്ഠമായി രേഖപ്പെടുത്തിയ ചരിത്രകാരനാണ് അദ്ദേഹം. മുഖം നോക്കാതെ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുമ്പോഴും സൗഹൃദങ്ങള്‍ക്ക് വില കല്‍പ്പിച്ച വ്യക്തിത്വം. ആധുനിക സാഹിത്യത്തിലെ ഭാവലാവണ്യം അടയാളപ്പെടുത്തിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. മലബാര്‍ വിപ്ലവത്തെ ഏറ്റവും വസ്തുനിഷ്ഠമായി രേഖപ്പെടുത്തിയ ചരിത്രകാരന്മാരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു. പരിസ്ഥിതി വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന എല്ലാ സമരങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. കശ്മീര്‍, യുഎപിഎ ഉള്‍പ്പടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ അദ്ദേഹം നിലകൊണ്ടു. വര്‍ഗീയതയേയും സാമുദായികതയേയും വേര്‍തിരിച്ച് കാണുന്നതില്‍ ഗംഗാധരന്‍ വിജയിച്ചു.
എഴുത്തുകാരന്‍, പോരാളി, ഗുരുനാഥന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്റേതായ ഇടം കണ്ടെത്തിയ ഗംഗാധരനെ സമൂഹം തിരിച്ചറിയുന്ന ഒരു കാലം വരിക തന്നെ ചെയ്യുമെന്ന് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. എ പി കുഞ്ഞാമു, എ വാസു, എന്‍ പി ചെക്കുട്ടി, ടോമി മാത്യൂ, പ്രഫ. പി കോയ, റെനി ഐലിന്‍, എ എം ഷാനവാസ് സംസാരിച്ചു.