ലൈംഗിക പീഡന പരാതിയില്‍ ഡോ.എസ് സുനില്‍കുമാര്‍ അറസ്റ്റില്‍
മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു
തൃശൂര്‍:വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അസിസ്റ്റന്റ് പ്രൊഫസറും ചലച്ചിത്ര സംവിധായകനുമായ ഡോ. എസ് സുനില്‍കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ കണ്ണൂരില്‍ നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സുനില്‍ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചത്.പരാതിയെ തുടര്‍ന്ന് സുനില്‍കുമാറിനെ സര്‍വകലാശാല ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഓറിയന്റേഷന്‍ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാര്‍ഥിനിയെ താത്കാലിക അധ്യാപകനായ രാജ വാര്യര്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു. പെണ്‍കുട്ടി ഗ്രീവന്‍സ് സെല്ലില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി എത്തിയ സുനില്‍ കുമാര്‍ പിന്നീട് ലൈംഗിക ചുവയോടെ വിളിച്ച് സംസാരിച്ചുവെന്നും,പീഡനത്തിനിരയാക്കിയെന്നും വിദ്യാര്‍ഥിനി പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വീട്ടില്‍ പോകാന്‍ സാധിക്കാതിരുന്നപ്പോള്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡീന്‍ ആയ ഡോ. സുനില്‍കുമാറിന്റെയും പങ്കാളിയുടെയും വീട്ടില്‍ വിദ്യാര്‍ഥിനി താമസിച്ചിരുന്നു. ജനുവരി 21ന് പങ്കാളി വീട്ടില്‍ ഇല്ലാത്ത സമയത്ത് ഡോ. സുനില്‍കുമാര്‍ ബലംപ്രയോഗിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കിയെന്നും,പേടി മൂലം ഇക്കാര്യം സുഹൃത്തുക്കളോട് പറയാന്‍ സാധിച്ചില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് അധ്യാപകനെതിരെ നടപടിയുണ്ടാകും വരെ സമരം നടത്താന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.സുനില്‍കുമാറിനെതിരെ വെസ്റ്റ് പോലിസ് ബലാൽസംഗ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ഥികളുടെ സമരം.