രാഷ്ട്രപതിയായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സത്യപ്രതിജ്ഞാച്ചടങ്ങിനായി ഒരുങ്ങിയ പാർലമെന്റിന്റെ പരിസരം കനത്ത സുരക്ഷാവലയത്തിലാണ്. പാർലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ടുമണിവരെ അവധി നൽകി.

Update: 2022-07-25 01:33 GMT

ന്യൂഡൽഹി: ഇന്ത്യയുടെ 15-മത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 നാണ് സത്യപ്രതിജ്ഞ. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ആദിവാസി വിഭാഗത്തിൽനിന്ന് ഒരാൾ ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് എത്തുന്നത്.

രാവിലെ 9.22 ന് രാഷ്‌ട്രപതി ഭവനിലെ നോർത്ത് കോർട്ടിലെത്തുന്ന ദ്രൗപദി മുർമു കാലാവധി പൂർത്തിയാക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും. തുടർന്ന് 9.49ന് രാഷ്ട്രപതിക്കുള്ള പ്രത്യേക വാഹനത്തിൽ ഇരുവരും പാർലമെന്റിലേക്ക് പുറപ്പെടും. രാവിലെ 10.03ന് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയും ചീഫ് ജസ്റ്റിസ് എൻ വി രമണയും ചേർന്ന് ഇരുവരെയും സ്വീകരിക്കും. 10.11ന് പുതിയ രാഷ്‌ട്രപതിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ആഭ്യന്തര സെക്രട്ടറി വായിക്കും. തുടർന്ന് 10.14ന് ദ്രൗപദി മുർമുവിന് ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നാലെ സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതി ഇരിപ്പിടം കൈമാറും.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, മുഖ്യമന്ത്രിമാർ, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികൾ, മൂന്നുസേനകളുടെയും മേധാവികൾ, പാർലമെന്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

സത്യപ്രതിജ്ഞാച്ചടങ്ങിനായി ഒരുങ്ങിയ പാർലമെന്റിന്റെ പരിസരം കനത്ത സുരക്ഷാവലയത്തിലാണ്. പാർലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ടുമണിവരെ അവധി നൽകി. രാവിലെ ആറുമണിമുതൽ ഈ കെട്ടിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിക്കും. പുതിയ പാർലമെന്റിന്റെ നിർമാണ പ്രവർത്തനങ്ങളും തിങ്കളാഴ്ച താത്‌കാലികമായി നിർത്തിവെക്കും. 

Similar News