യുപി: ലഹരി വസ്തു കൊണ്ടുവരാന്‍ വിസമ്മതിച്ച 14കാരന്റെ വായില്‍ ആസിഡ് ഒഴിച്ചു

പൊള്ളല്‍ മൂലം ഗുരുതര മുറിവുണ്ടായിട്ടില്ലെന്നും എന്നാല്‍ ആസിഡ് തട്ടിയ സ്വനതന്തുവിന് പൊള്ളലേറ്റതിനാല്‍ സംസാര ശേഷി പൂര്‍ണമായും തിരിച്ചു കിട്ടുന്ന കാര്യം സംശയമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

Update: 2019-06-28 16:20 GMT

ലഖ്‌നോ: ലഹരി വസ്തു കൊണ്ടുവരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു 14കാരനെ ക്രൂരമായി മര്‍ദിക്കുകയും വായില്‍ ആസിഡ് ഒഴിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഫൈജുല്ലാഗഞ്ചിലാണ് സംഭവം. പൊള്ളല്‍ മൂലം ഗുരുതര മുറിവുണ്ടായിട്ടില്ലെന്നും എന്നാല്‍ ആസിഡ് തട്ടിയ സ്വനതന്തുവിന് പൊള്ളലേറ്റതിനാല്‍ സംസാര ശേഷി പൂര്‍ണമായും തിരിച്ചു കിട്ടുന്ന കാര്യം സംശയമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും പുറത്തു പോയ 14കാരന്‍ താദിക് വായയില്‍ തുണിവച്ചാണു തിരിച്ചെത്തിയത്. രക്ഷിതാക്കള്‍ പരിശോധിച്ചതോടെയാണ് വായില്‍ ആസിഡ് ഒഴിച്ചു പൊള്ളിച്ച നിലയില്‍ കണ്ടത്. മൂന്നുപേര്‍ ലഹരി വസ്തു കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും നിഷേധിച്ചതോടെ മര്‍ദിക്കുകയും വായില്‍ ആസിഡ് ഒഴിക്കുകയുമായിരുന്നെന്നു കുട്ടി പോലിസിനോടു വെളിപ്പെടുത്തി.

അക്രമികള്‍ കൊണ്ടുവരാന്‍ പറഞ്ഞ ലഹരി വസ്തു എന്താണെന്നു മനസ്സിലാവാത്തതിനെ തുടര്‍ന്നാണു ബാലന്‍ അമാന്തിച്ചു നിന്നതെന്നും ഇത് അക്രമികളെ പ്രകോപിച്ചതായും താദികിന്റെ മാതാവ് ചാന്ദ്‌നി പറഞ്ഞു. ലഹരി വസ്തു എന്താണെന്നു പോലും താദികിനു മനസ്സിലായിട്ടില്ല. ഇതിനാലാണ് അവന്‍ അമാന്തിച്ചു നിന്നത്. എന്നാല്‍ തങ്ങള ധിക്കരിക്കുകയാണെന്നാരോപിച്ച് അക്രമികള്‍ അവന്റെ വായില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. മാതാവ് ചാന്ദ്‌നി പറഞ്ഞു.

സംഭവത്തില്‍ ഒരാള്‍ പിടിയിലായതായും മറ്റുള്ളവരുടെ അറസ്റ്റും ഉടന്‍ രേഖപ്പെടുത്തുമെന്നും പോലിസ് പറഞ്ഞു. 

Tags:    

Similar News