പൂജകളോടെ ഉദ്ഘാടനം ചെയ്ത പോലിസ് ഔട്ട്‌പോസ്റ്റില്‍ ഇഫ്താര്‍ സംഗമം നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

Update: 2025-03-26 15:21 GMT
പൂജകളോടെ ഉദ്ഘാടനം ചെയ്ത പോലിസ് ഔട്ട്‌പോസ്റ്റില്‍ ഇഫ്താര്‍ സംഗമം നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

മീററ്റ്: ഉത്തര്‍പ്രദേശിലെ മീറത്തിലെ ലോഹ്യനഗറിലെ സാക്കിര്‍ കോളനിയില്‍ പുതുതായി നിര്‍മിച്ച പോലിസ് ഔട്ട് പോസ്റ്റില്‍ ഇഫ്താര്‍ സംഗമം നടത്തിയ പോലിസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. രാവിലെ ഹിന്ദു വിശ്വാസ പ്രകാരമുള്ള പൂജകളോടെ ഉദ്ഘാടനം ചെയ്ത ഔട്ട് പോസ്റ്റിലെ ഇന്‍ചാര്‍ജായ ശൈലേന്ദ്ര പ്രതാപ് സിങിനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ വിഷ്ണുകുമാര്‍ അടക്കം പ്രദേശത്തെ ഭൂരിഭാഗം പോലിസുകാരും ഇഫ്താറില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധവുമായി ഹിന്ദുത്വര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്.

മാര്‍ച്ച് 17നാണ് പൂജകളോടെ ഔട്ട്‌പോസ്റ്റ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ലഡു വിതരണവും ഹിന്ദുമത പ്രാര്‍ത്ഥനകളും നടന്നു. സദ്യയും വിളമ്പി. ഇതിന് ശേഷമാണ് ശൈലേന്ദ്ര പ്രതാപ് സിങ് വൈകീട്ട് ഇഫ്താര്‍ സംഘടിപ്പിച്ചത്. ഇഫ്താറില്‍ പ്രദേശവാസികളായ നിരവധി പേര്‍ പങ്കെടുത്തു. ഇതിന്റെ വീഡിയോ ആണ് ഹിന്ദുത്വര്‍ പ്രചരിപ്പിച്ചത്. പോലിസ് മേധാവികളുടെ നടപടിക്കെതിരേ സമാജ് വാദി പാര്‍ട്ടി രംഗത്തെത്തി. മതപരമായ വിവേചനമാണ് നടന്നിരിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. എന്നാല്‍, പോലിസ് സ്‌റ്റേഷനുകളിലും ഔട്ട് പോസ്റ്റുകളിലും മതപരമായ പരിപാടികള്‍ നടത്താന്‍ പാടില്ലെന്നാണ് നിയമമെന്ന് പോലിസ് മേധാവിമാരും വാദിച്ചു. പൂജ മതപരമായ ചടങ്ങല്ലേ എന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്.

Similar News