ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ മുന്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ചിത്ര രാമകൃഷ്ണയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇവര്‍ ബന്ധപ്പെട്ട് ഇഡി റജിസ്ട്രര്‍ ചെയ്ത കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഡല്‍ഹി കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇഡി ചിത്ര രാമകൃഷ്ണയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അറസ്റ്റിനെ തുടര്‍ന്ന് രാമകൃഷ്ണയെ കോടതി നാല് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം രാമകൃഷ്ണയ്‌ക്കൊപ്പം മറ്റൊരു മുന്‍ എന്‍എസ്ഇ മേധാവി രവി നരേന്‍, മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെ എന്നിവര്‍ക്കെതിരെ ഇഡി കേസെടുത്തിരുന്നു.
2009 നും 2017 നും ഇടയില്‍ എന്‍എസ്ഇ ജീവനക്കാരുടെ ഫോണ്‍ ചോര്‍ത്തിയതിന് സിബിഐ കേസെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇഡിയുടെ നടപടി.
വിരമിച്ച മുംബൈ പോലിസ് കമ്മീഷണര്‍ പാണ്ഡെ സ്ഥാപിച്ച കമ്പനിയില്‍ നരേനും ചിത്ര രാമകൃഷ്ണയും ചേര്‍ന്ന് സ്‌റ്റോക്ക് മാര്‍ക്കറ്റ് ജീവനക്കാരുടെ ഫോണ്‍ കോളുകള്‍ നിയമവിരുദ്ധമായി ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമിച്ചുവെന്ന് സിബിഐ കേസില്‍ ആരോപിക്കുന്നു.
സിബിഐയും ഇപ്പോള്‍ ഇഡിയും പാണ്ഡെ, അദ്ദേഹത്തിന്റെ ദില്ലി ആസ്ഥാനമായുള്ള കമ്പനി, എന്‍എസ്ഇയുടെ മുന്‍ എംഡി, സിഇഒമാരായ നരേന്‍, ചിത്ര രാമകൃഷ്ണ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രവി വാരണാസി, മഹേഷ് ഹല്‍ദിപൂര്‍ എന്നിവരെ കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.