ഇഡി ഒടുവില്‍ കൊടപ്പനക്കല്‍ തറവാട്ടിലേക്ക്; മുസ്‌ലിം ലീഗിലെ പ്രതിസന്ധി പുതിയ തലത്തിലേക്ക്
ഇഡിയും എന്‍ഐഎയുമൊക്കെ ഹിന്ദുത്വ, വിദ്വേഷ രാഷ്ട്രീയത്തിന്റെ കൂര്‍ത്ത ആയുധങ്ങളാക്കപ്പെടുന്നതിനെക്കുറിച്ച് അവര്‍ തുടര്‍ന്ന മൗനമാണ് ഇപ്പോള്‍ പ്രതിസന്ധി മൂര്‍ച്ഛിക്കാന്‍ കാരണം.
പി സി അബ്ദുല്ല
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ മുസ്‌ലിം ലീഗില്‍ ഉടലെടുത്ത പ്രതിസന്ധി പുതിയ തലത്തിലേക്ക്. ഏറ്റവുമൊടുവില്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ് നല്‍കിയ വിവരം ചര്‍ച്ചയാവുമ്പോള്‍, ചരിത്രത്തിലെ തന്നെ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് ലീഗ് നേരിടുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ പരസ്യമായി ഉന്നയിക്കുന്നതുവരെ ഹൈദരലി തങ്ങളെ ഇഡി ചോദ്യം ചെയ്ത വിവരം ലീഗും അതിന്റെ മാനേജര്‍മാരും മൂടി വച്ചു. ലീഗ് യോഗത്തില്‍ കെഎം ഷാജിയടക്കമുള്ള കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ ഹൈദരലി തങ്ങളെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ വള്ളിപുള്ളി തെറ്റാതെ കെടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചതോടെയാണ് ചര്‍ച്ചയായത്.
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ കള്ളപ്പണം എത്തിയെന്ന പരാതിയിലാണ് ചന്ദ്രിക മാനേജിങ് ഡയറക്ടര്‍ കുടിയായ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ ചോദ്യം ചെയ്തത്. നാളെ ഇഡി മുമ്പാകെ ഹാജരാകണമെന്ന് കാണിച്ച് തങ്ങള്‍ക്ക് വീണ്ടും നോട്ടിസ് നല്‍കിയിട്ടുണ്ട്. വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന ഹൈദരലി തങ്ങള്‍ ഇപ്പോള്‍ കോഴിക്കോട്ട് കീമോ തെറാപ്പിയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ മുഴുവന്‍ ഭാരവും കുഞ്ഞാലിക്കുട്ടിയില്‍ മാത്രം അടിച്ചേല്‍പ്പിച്ച് കുരിശില്‍ കയറ്റിയ സംസ്ഥാന നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ വഴിയാണ് ചര്‍ച്ച പുറത്തായത്. കാലങ്ങളായി കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കുന്ന ഈ വിഭാഗം തന്നെയാണ് കെ ടി ജലീലിലൂടെ പാര്‍ട്ടി രഹസ്യങ്ങള്‍ പുറത്തെത്തിക്കുന്നതെന്നും സംശയമുയര്‍ന്നിട്ടുണ്ട്.
അതേ സമയം, കൊടപ്പനക്കല്‍ തറവാട്ടിലേക്കുള്ള ഇഡിയുടെ വരവിനെ എങ്ങനെ പ്രതിരോധിക്കാമെന്നതും ലീഗിനെ അലട്ടുന്നുണ്ട്. പാലാരിവട്ടം പാലം അഴിമതിപ്പണം ചന്ദ്രിക ദിനപ്പത്രത്തിലെത്തിയെന്ന ആരോപത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തങ്ങളെ ഇഡി ചോദ്യംചെയ്തിരുന്നു. മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞടക്കം ഉള്‍പ്പെട്ട പാലാരിവട്ടം പാലം അഴിമതിയിലൂടെ സമ്പാദിച്ച പണം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. 2016ലാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പി എ അബ്ദുള്‍ സമീര്‍ ചന്ദ്രികയുടെ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മാര്‍ക്കറ്റ് റോഡ് ബ്രാഞ്ചിലെ അക്കൗണ്ടില്‍ 10 കോടി രൂപ നിക്ഷേപിച്ചത്. വി കെ ഇബ്രാഹിംകുഞ്ഞിന്റെ ബിനാമിയായാണ് സമീര്‍ പണം നിക്ഷേപിച്ചതെന്നാണു പരാതി.
'ചന്ദ്രിക'യുടെ അക്കൗണ്ടിലെത്തിയത് കള്ളപ്പണമോ വെള്ളപ്പണമോ എന്നതിലുപരി ഹൈദരലി തങ്ങളെ തേടി ഇഡി പാണക്കാട്ടെ എത്തിയതിന്റെ മാനങ്ങളും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി കേരളത്തില്‍ 400 കോടിയോളം രൂപയുടെ കള്ളപ്പണം ഒഴുക്കിയെന്ന പരാതിയില്‍ നാളിതു വരെ ചെറുവിരനക്കാത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേവലം 10 കോടിയുമായി ബന്ധപ്പെട്ട പരാതിയില്‍ രോഗാതുരനായി കിടക്കുന്ന പാണക്കാട് തങ്ങളെ തേടിയെത്തുന്നത് സ്വാഭാവികമല്ല. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ബിലീവേഴ്‌സ് ചര്‍ച്ച് കേന്ദ്രങ്ങളില്‍ ആദായ നികുതിവകുപ്പും മറ്റും നടത്തിയ പരിശോധനയില്‍ കോടികളുടെ കള്ളപ്പണലും രേഖകളും പിടിച്ചെടുത്തിരുന്നു. കളിഞ്ഞ നവംബറില്‍ ബിഷപ്പ് കെപി യോഹന്നാനോട് കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാലാന്‍ നോട്ടിസ് നല്‍കുകയും ചെയ്തു. യോഹന്നാന്‍ ഇതുവരെ ഹാജരായില്ലെന്നു മാത്രമല്ല പിന്നീട് നടപടികളൊന്നും ഉണ്ടാവുകയും ചെയ്തില്ല.
ഹൈദരലി തങ്ങള്‍ പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ പാര്‍ട്ടി പത്രത്തിന്റെ എംഡി ആയത് തികച്ചും സാങ്കേതികം മാത്രമാണ്. ചന്ദ്രികയുടെ ദൈനം ദിന കാര്യങ്ങള്‍ തങ്ങളുടെ കൈകാര്യത്തിലല്ല എന്നതും പച്ചയായ സത്യം. എങ്കിലും, ആ സാങ്കേതികതയുടെ നൂല്‍പാലത്തില്‍ തൂങ്ങിയാണ് ഒരു വിഭാഗത്തിന്റെ ആത്മീയ നേതാവു കൂടിയായ പാണക്കാട് തങ്ങളുടെ മുറ്റത്ത് ഇഡി എത്തി നില്‍ക്കുന്നത്.
കെ സുരേന്ദ്രനുമായി ബന്ധപ്പെട്ട് വെളിവാക്കപ്പെട്ട 400 കോടിയുടെ കള്ളപ്പണവും ബിഷപ്പ് യോഹന്നാന്റെ സ്ഥാപനങ്ങളില്‍നിന്ന് കണ്ടെത്തിയ 150 ലേറെ കോടികളുടെ കള്ളപ്പണവുമൊക്കെ വിട്ട് 10 കോടിയുടെ പേരില്‍ ഇഡി കൊടപ്പനക്കല്‍ തറവാട്ടിലെത്തിയപ്പോഴും ഉപജാപത്തിന്റെ ആവണക്കെണ്ണ രാഷ്ട്രീയം തന്നെയാണ് സംസ്ഥാന ലീഗ് നേതൃത്വം പ്രയോഗിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതെന്ന പോലെ 'പാണക്കാട്' വിരോധത്തിന്റെ തുടര്‍ രാഷ്ട്രീയ സാധ്യതയില്‍ അഭിരമിച്ച് സിപിഎമ്മും കെടി ജലീലും കൊടപ്പനക്കല്‍ തറവാട്ടിലേക്ക് ഇഡിയെ ആഘോഷ പൂര്‍വ്വം ആനയിക്കുമ്പോഴും ഇഡിയെക്കുറിച്ച് ഒന്നും പറഞ്ഞു പോവാതിയിക്കാനുള്ള ലീഗിന്റേയും കുഞ്ഞാലിക്കുട്ടിയുടേയും ജാഗ്രതയില്‍ ഏതായാലും സമുദായത്തിനു ദൃഷ്ടാന്തമുണ്ട്.
കേന്ദ്ര ഏജന്‍സികള്‍ ആര്‍എസ്എസ്സിനു വേണ്ടി നടത്തുന്ന മുസ്‌ലിം വേട്ടയുടെ ഭാഗമാണ് ഇഡിയെ മുന്‍നിര്‍ത്തിയുള്ള അറസ്റ്റുകളും അന്വേഷണങ്ങളുമെന്ന ബോധ്യം ശക്തമാവുമ്പോഴും പക്ഷേ, ലീഗ് നേതൃത്വം നേരത്തേ നിതാന്ത മൗനത്തിലായിരുന്നു. മുസ്‌ലിം വേട്ട എന്നത് ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെയും അവരുടെ ഭരണകൂട ഉപകരണങ്ങളുടേയും പൊതു അജണ്ടയാണെന്നും ഇന്നല്ലെങ്കില്‍ നാളെ അവര്‍ മുസ്‌ലിം വേട്ടയുടെ ഭാഗമായി ആ സ്വത്വത്തിനുള്ളിലെ എല്ലാ സംഘടനകളെയും നേതാക്കളെയും തേടിയെത്തുമെന്നും ഉറപ്പായിരുന്നു.
എന്നിട്ടും, ഇഡിയും എന്‍ഐഎയുമൊക്കെ ഹിന്ദുത്വ, വിദ്വേഷ രാഷ്ട്രീയത്തിന്റെ കൂര്‍ത്ത ആയുധങ്ങളാക്കപ്പെടുന്നതിനെക്കുറിച്ച് അവര്‍ തുടര്‍ന്ന മൗനമാണ് ഇപ്പോള്‍ പ്രതിസന്ധി മൂര്‍ച്ഛിക്കാന്‍ കാരണം. ഒടുവില്‍, സാക്ഷാല്‍ പാണക്കാട് ഹൈദരലി തങ്ങളെ തേടി ഇഡി കൊടപ്പനക്കല്‍ തറവാടിന്റെ ഉമ്മറത്തെത്തിയപ്പോഴും മുസ്‌ലിം ലീഗ് മൗനത്തിലൊളിക്കുകയാണ്. ഇപ്പോള്‍ തങ്ങളുടെ തടി സലാമത്താക്കാന്‍ ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയാണ് പാര്‍ട്ടി ചെയ്യുന്നത് .