പോപുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ ഇഡിയുടെ അന്യായ റെയ്ഡ്; പ്രതിഷേധവുമായി നാട്ടുകാര്‍

Update: 2021-12-08 05:19 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ നേതാവിന്റെ വീട്ടില്‍ ഇഡിയുടെ അന്യായ റെയ്ഡ്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം എം കെ അഷ്‌റഫിന്റെ മുവാറ്റുപുഴയിലുള്ള വീട്ടിലാണ് ഇഡി സംഘം റെയ്ഡ് നടത്തുന്നത്. രാവിലെ ഏഴിനാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. രണ്ട് ഇന്നോവ കാറുകളിലും പോലിസ് ജീപ്പിലുമായി നാല് ഉദ്യോഗസ്ഥരാണ് ആദ്യമെത്തിയത്. അഞ്ച് പോലിസ് ഉദ്യോഗസ്ഥരും രണ്ട് സിആര്‍പിഎഫുകാരും സുരക്ഷയൊരുക്കാന്‍ എത്തിയിരുന്നു.

ഇഡിയുടെ അന്യായ റെയ്ഡിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ബിജെപി സര്‍ക്കാരിന്റെ ചട്ടുകമായാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. രാഷ്ട്രീയ പ്രതികാരത്തിന് ബിജെപി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ആയുധമാക്കുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഓഫിസിലും ദേശീയ നേതാക്കളുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രതിപക്ഷ നേതാക്കളേയും രാഷ്ട്രീയ പ്രതിയോഗികളേയും ഇഡി, എന്‍ഐഎ ഉള്‍പ്പടേയുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വരുതിയിലാക്കാനാണ് ബിജെപി ഭരണകൂടത്തിന്റെ ശ്രമം. അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കുന്ന ബിജെപി നടപടികള്‍ക്കെതിരേ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.

മണിക്കൂറുകള്‍ക്കകം നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ, വീട്ടിലേക്കുള്ള വഴിയില്‍ പ്രവര്‍ത്തകരെ തടഞ്ഞു.

Tags:    

Similar News