കെ എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ്: ഇഡി എം കെ മുനീറിന്റെ ഭാര്യയുടെ മൊഴിയെടുത്തു
വേങ്ങേരിയിലെ വിവാദ വീട് നില്‍ക്കുന്ന പറമ്പ് വാങ്ങിയത് ഷാജിയും മുനീറും ചേര്‍ന്നാണെന്നാണ് പരാതി. സ്ഥലം രജിസ്റ്റര്‍ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്.
കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എംഎല്‍എയുമായ എംകെ മുനീറിന്റെ ഭാര്യ നഫീസയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. കോഴിക്കോട്ടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വച്ചാണ് മൊഴിയെടുത്തത്. കെ എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേര്‍ന്നാണെന്നുള്ള പരാതി ഇഡി അന്വേഷിച്ച് വരികയാണ്. ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയാനാണ് വിളിപ്പിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജിക്കെതിരേ നടക്കുന്ന ഇഡി അന്വേഷണത്തിനിടെയാണ് എം കെ മുനീര്‍ എംഎല്‍എക്ക് എതിരെയും പരാതി ഉയര്‍ന്നത്. കെ എം ഷാജി എംഎല്‍എയുടെ വിവാദ ഭൂമി ഇടപാടില്‍ എം കെ മുനീറിനും പങ്കെന്നായിരുന്നു പരാതി. ഐ എന്‍ എല്‍ നേതാവ് അബ്ദുള്‍ അസീസിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരേ അന്വേഷണം നടക്കുന്നത്.
വേങ്ങേരിയിലെ വിവാദ വീട് നില്‍ക്കുന്ന പറമ്പ് വാങ്ങിയത് ഷാജിയും മുനീറും ചേര്‍ന്നാണെന്നാണ് പരാതി. സ്ഥലം രജിസ്റ്റര്‍ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാല്‍ ആധാരത്തില്‍ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയില്‍ പറയുന്നു. രജിസ്‌ട്രേഷന്‍ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങള്‍ വെട്ടിച്ചെന്നും പരതായില്‍ ചൂണ്ടിക്കാട്ടിയിരുന്നു.