അനധികൃത സ്വത്ത് സമ്പാദനം: യുപി മുന്‍ മന്ത്രിയെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു
ലക്‌നൗ: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുന്‍ യുപി മന്ത്രി ഗായത്രി പ്രജാപതിയെ ഏഴു ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടു. അനധികൃത ഖനനത്തിലൂടെയും മറ്റ് വഴികളിലൂടെയും നേടിയ വരുമാനം ഉപയോഗിച്ച് പ്രജാപതിയും കുടുംബാംഗങ്ങളും വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. 20.90 കോടി രൂപയുടെ ഫണ്ടുകളുടെയും 59 സ്ഥാവര വസ്തുക്കളുടെയും വിശദാംശങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയോട് 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. അനധികൃത സ്വത്ത് കൈവശം വച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പോലിസ് വിജിലന്‍സ് കേസെടുത്തതിനെ തുടര്‍ന്നാണ് പ്രജാപതിക്കെതിരേ പണമിടപാട് കേസില്‍ ഇഡി കേസെടുത്തത്. ഇതുസംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് വ്യാഴാഴ്ച മുതല്‍ ഏഴു ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരില്‍ ഖനന വകുപ്പ് മന്ത്രിയായിരുന്ന പ്രജാപതിക്കെതിരേ സ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്നും പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ടായിരുന്നു. ഈ കേസില്‍ 2017 മാര്‍ച്ച് 15 ന് അറസ്റ്റിലായ പ്രജാപതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലക്‌നൗ, കാണ്‍പൂര്‍, അമേത്തി എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ നിരവധി സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ 1.42 ലക്ഷം രൂപ പണവും 11.50 ലക്ഷം രൂപ വിലവരുന്ന കറന്‍സി, 5 ലക്ഷം രൂപയുടെ സ്റ്റാമ്പ് പേപ്പറുകള്‍, സ്വത്തുമായി ബന്ധപ്പെട്ട ചില രേഖകള്‍, കംപ്യൂട്ടറുകള്‍ എന്നിവ പിടിച്ചെടുത്തതായും ഇഡി പറഞ്ഞിരുന്നു. മുന്‍ മന്ത്രിയുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള രണ്ടര കോടി രൂപ വിലമതിക്കുന്ന നാല് വില്ലകളുടെ അലോട്ട്‌മെന്റ് കത്തുകളും പിടിച്ചെടുത്തിരുന്നു.
ബലാല്‍സംഗക്കേസില്‍ പ്രജാപതിയെ അറസ്റ്റ് ചെയ്ത ശേഷം, അദ്ദേഹത്തിന്റെ മക്കള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ചില സ്വത്തുക്കള്‍ രഹസ്യമായി വിറ്റതായും കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിച്ചതായും ആരോപിക്കുന്നുണ്ട്.
ED Sends Former UP Minister Gayatri Prajapati to 7-Day Custody in Money Laundering Case