ഈജിപ്ത് തുറങ്കിലടച്ച അല്‍ജസീറ മാധ്യപ്രവര്‍ത്തകന് നാലു വര്‍ഷത്തിന് ശേഷം മോചനം

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍നിന്ന് മടങ്ങി വരവെ കെയ്‌റോ വിമാനത്താവളത്തില്‍വച്ച് 2016 ഡിസംബറിലാണ് ഹുസൈന്‍ അറസ്റ്റിലായത്.

Update: 2021-02-06 14:05 GMT

കെയ്‌റോ: കള്ളക്കേസില്‍ കുടുക്കി ഈജിപ്തില്‍ അല്‍സിസി ഭരണകൂടം തുറങ്കിലടച്ച അല്‍ ജസീറ ന്യൂസ് നെറ്റ് വര്‍ക്കിലെ മാധ്യമ പ്രവര്‍ത്തകന്‍ മഹമൂദ് ഹുസൈന് നാലു വര്‍ഷത്തിന് ശേഷം മോചനം. ഈജിപ്ഷ്യന്‍ അധികൃതര്‍ ഇദ്ദേഹത്തെ വിട്ടയച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍നിന്ന് മടങ്ങി വരവെ കെയ്‌റോ വിമാനത്താവളത്തില്‍വച്ച് 2016 ഡിസംബറിലാണ് ഹുസൈന്‍ അറസ്റ്റിലായത്.

രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ചായിരുന്നു ഈജിപ്ഷ്യന്‍ അധികൃതര്‍ ഇദ്ദേഹത്തെ തുറങ്കിലടച്ചത്. ഈജിപ്ഷ്യന്‍ ഭരണകൂടത്തേയും അതിന്റെ സ്ഥാപനങ്ങളേയും പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ ജസീറ ചാനലിലൂടെ ഹുസൈന്‍ തെറ്റായ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തുവെന്നായിരുന്നു ആരോപണം.

ഈജിപ്ഷ്യന്‍ ഭരണകൂടം ഹുസൈനെ നിയമവിരുദ്ധവുമായ തടങ്കലില്‍ പാര്‍പ്പിരിക്കുകയാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നും അല്‍ ജസീറ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യം, ഖത്തറിനെതിരായ ഉപരോധം ഈജിപ്തിനൊപ്പം മറ്റു മൂന്ന് ഗള്‍ഫ് രാജ്യങ്ങളും അല്‍ഉല ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ അവസാനിപ്പിക്കുകയും നയതന്ത്ര ബന്ധം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News