ബ്രദര്‍ഹുഡ് നേതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഈജിപ്ഷ്യന്‍ കോടതി
മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആക്ടിങ് സുപ്രിം ഗൈഡ് മഹ്മൂദ് ഇസ്സത്തിനെയാണ് കോടതി ശിക്ഷിച്ചത്.
കൈറോ: ഈജിപ്തിലെ നിരോധിത സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഒരു മുതിര്‍ന്ന നേതാവിനെ 'ഭീകരവാദ' കുറ്റങ്ങളില്‍ കുറ്റക്കാരനായി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആക്ടിങ് സുപ്രിം ഗൈഡ് മഹ്മൂദ് ഇസ്സത്തിനെയാണ് കോടതി ശിക്ഷിച്ചത്. ഈജിപ്തില്‍ ജനാധിപത്യ മാര്‍ഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ സൈന്യം അട്ടിമറിച്ചതിനു പിന്നാലെ മുസ്‌ലിം ബ്രദര്‍ഹുഡ് ആസ്ഥാനത്തിന് പുറത്ത് 2013ല്‍ പട്ടാള അട്ടിമറിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ആക്രമണത്തിന് പ്രേരിപ്പിച്ചു, ആയുധങ്ങള്‍ കൈമാറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചതെന്ന് കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.