മര്‍കസിലെ സാന്നിധ്യത്തിന് തെളിവില്ല; എട്ട് തബ്‌ലീഗ് പ്രവര്‍ത്തകരെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി
ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് പ്രകാരം വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളില്‍ ഭൂരിഭാഗവും കുറ്റംസമ്മതിച്ച് കോടതി നിര്‍ദേശിച്ച പിഴയൊടുക്കി തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ച് പോയപ്പോള്‍ 44 പേര്‍ ഡല്‍ഹിയില്‍ വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.
ന്യൂഡല്‍ഹി: സാകേത് ജില്ലാ കോടതിയില്‍ വിചാരണ നേരിടുന്ന തബ് ലീഗ് ജമാഅത്തിലെ എട്ട് അംഗങ്ങളെ പ്രാഥമ ദൃഷ്ട്യാ തെളിവില്ലെന്ന് കണ്ട് ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി. ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് പ്രകാരം വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളില്‍ ഭൂരിഭാഗവും കുറ്റംസമ്മതിച്ച് കോടതി നിര്‍ദേശിച്ച പിഴയൊടുക്കി തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ച് പോയപ്പോള്‍ 44 പേര്‍ ഡല്‍ഹിയില്‍ വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.
ഡല്‍ഹി നിസാമുദ്ധീന്‍ മര്‍കസില്‍ മാര്‍ച്ചില്‍നടന്ന സമ്മേളനത്തിനു പിന്നാലെയാണ് രാജ്യത്ത് കൊറോണ പടര്‍ത്തിയെന്ന് ആരോപിച്ച് തബ്‌ലീഗ് പ്രവര്‍ത്തകരെ ഭരണകൂടം വേട്ടയാടിയത്. വിസ വ്യവസ്ഥകള്‍ ലംഘിച്ചു, മിഷനറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, സര്‍ക്കാരിന്റെ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി 955 വിദേശ തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് ഡല്‍ഹി പോലിസ് കുറ്റപത്രം നല്‍കിയത്. വിദേശ നിയമത്തിലെ സെക്ഷന്‍ 14, ഐപിസി 270, 271 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തപ്പെട്ട ബാക്കിയുള്ള 36 പേരെ കൂടി കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. എന്നാല്‍, പകര്‍ച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം, മറ്റ് ഐപിസി വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ ഇപ്പോഴും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലും രേഖകളിലും കേസിനാസ്പദമായ കാലയളവില്‍ മര്‍ക്കസില്‍ പ്രതികളുടെ സാന്നിധ്യമോ പങ്കാളിത്തമോ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഇവരെ കുറ്റവിമുക്തരാക്കികൊണ്ടുള്ള വിധിന്യായത്തില്‍ ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഗുര്‍മോഹിന കൗര്‍ വ്യക്തമാക്കി.