അതിരൂപതയുടെ ഭൂമി വില്‍പന: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു

പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസിന്റെ പരാതിയിലാണ് കാക്കനാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തത്.മാര്‍ ജോര്‍ജ് ആലഞ്ചേരിയെക്കൂടാതെ എറണാകുളം-അങ്കമാലി അതിരൂപത മുന്‍ ഫിനാന്‍സ് ഓഫിസര്‍ ജോഷി പുതുവയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരും അടുത്തമാസം 31 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു

Update: 2019-11-05 09:20 GMT

കൊച്ചി:എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്. പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസിന്റെ പരാതിയിലാണ് കാക്കനാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തത്.മാര്‍ ജോര്‍ജ് ആലഞ്ചേരിയെക്കൂടാതെ എറണാകുളം-അങ്കമാലി അതിരൂപത മുന്‍ ഫിനാന്‍സ് ഓഫിസര്‍ ഫാ.ജോഷി പുതുവയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരും അടുത്തമാസം 31 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.കാക്കനാടിനു സമീപമുള്ള അതിരൂപതയുടെ കീഴിലുണ്ടായിരുന്ന ഭൂമി 37 ആധാരങ്ങളാക്കി വില്‍പന നടത്തി അതിരൂപതയ്ക്ക് നഷ്ടമുണ്ടാക്കിയെന്നാണ് പരാതിക്കാരന്റെ വാദം. അതിരൂപതയുടെ കിഴീലുള്ള വസ്തുക്കളുടെ ഭരണാധികാരിമാത്രമാണ് കര്‍ദിനാളെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നുമാണ് പരാതിക്കാരന്‍ ഉന്നയിക്കുന്നത്.

വസ്തുക്കള്‍ വില്‍പന നടത്തണമെങ്കില്‍ അതിരൂപതയിലുള്ള വിവിധ സമിതികളില്‍ കൂടിയാലോചന നടത്തി അനുവാദം വാങ്ങണം. എന്നാല്‍ ഈ സമിതികളിലൊന്നും ചര്‍ച്ച ചെയ്യാതെയാണ് ഭുമി വില്‍പന നടത്തിയതെന്നും പരാതിക്കാരന്‍ പറയുന്നു.ഇത് വിശ്വാസ വഞ്ചനയാണ്. വസ്തു വില്‍പന നടത്തിയതിലൂടെ ലഭിച്ച പണം കൃത്യസമയത്ത് അതിരൂപതയ്ക്ക് ലഭിച്ചിട്ടില്ലെന്നും പരാതിക്കാരന്‍ പറയുന്നു. ഭുമി വില്‍പനയുമായി ബന്ധപ്പെട്ട് ഏഴു കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒരെണ്ണത്തില്‍ നേരത്തെ കാക്കനാട് കോടതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തിരുന്നു.ഇതിനെതിരെ കര്‍ദിനാള്‍ മേല്‍ക്കോടതിയെ സമീപിച്ചിരുന്നു.ബാക്കിയുള്ള ആറു കേസുകളില്‍ ഒന്നിലാണ് കാക്കനാട് കോടതി ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിചാരണ നടത്തി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും പരാതിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജേന്ദ്രന്‍ പറഞ്ഞു

Tags:    

Similar News