കൈക്കൂലി കേസില്‍ എല്‍സിക്ക് ഉപാധികളോടെ ജാമ്യം
ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും പാസ്‌പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം: എംബിഎ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വിദ്യാര്‍ഥിനിയുടെ കയ്യില്‍ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത ഇടത് യൂനിയന്‍ അംഗമായ എംജി സര്‍വകലാശാലാ പരീക്ഷാഭവന്‍ അസിസ്റ്റന്റ് സി ജെ എല്‍സിക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം എന്‍ക്വയറി കമ്മിഷന്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജി ജി. ഗോപകുമാര്‍ ആണ് ജാമ്യം അനുവദിച്ചത്.
ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും പാസ്‌പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 28നാണ് എല്‍സിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം എംജി സര്‍വകലാശാലയില്‍ അറസ്റ്റ് ചെയ്തത്. പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ വേഗത്തില്‍ നല്‍കുന്നതിന് എല്‍സി 1,10,000 രൂപ മുന്‍പ് വാങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
2010ല്‍ പ്യൂണ്‍ തസ്തികയിലാണ് എല്‍സി സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ഇവര്‍ എസ്എസ്എല്‍സി പോലും പാസായിരുന്നില്ല. എന്നാല്‍ 2016ല്‍ താഴ്ന്ന തസ്തികയിലുള്ളവരെ അസിസ്റ്റന്റ് തസ്തികയിലേക്ക് പരിഗണിക്കുന്ന സമയത്ത് ഇവര്‍ എസ്എസ്എല്‍സി, പ്ലസ്ടു തുല്യത പരീക്ഷകളും എംജിയില്‍ നിന്ന് റെഗുലറായി ഡിഗ്രിയും പാസായിട്ടുണ്ടായിരുന്നു.