മരിച്ചെന്നു കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്; വയോധികന്‍ കൈയ്യില്‍ പിടിച്ചെന്ന് അറ്റന്‍ഡര്‍, ഐസിയുവിലേക്ക് മാറ്റി
കണ്ണൂര്‍: മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്‍. കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം. കൂത്തുപറമ്പ് പാച്ചപൊയ്ക വനിതാ ബാങ്കിനു സമീപം പുഷ്പാലയം വീട്ടില്‍ വെള്ളുവകണ്ടി പവിത്രനിലാണ് ജീവന്റെ തുടിപ്പ് കണ്ടെത്തിയിരിക്കുന്നത്. മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ അറ്റന്‍ഡറാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെ ഐസിയുവിലേക്ക് മാറ്റി. പവിത്രന്‍ മരിച്ചകാര്യം പത്രങ്ങളിലും വാര്‍ത്തയായി വന്നിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മംഗളൂരു ഹെഗ്‌ഡെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ പവിത്രനെ ഇന്നലെ രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞിട്ടും ആരോഗ്യനിലയില്‍ മാറ്റമൊന്നും ഉണ്ടാകാതിരുന്നതോടെ ബന്ധുക്കള്‍ കൂടിയാലോചിച്ച് വെന്റിലേറ്റര്‍ സഹായം നീക്കം ചെയ്യാന്‍ തീരുമാനിച്ചു.
തുടര്‍ന്ന് ആംബുലന്‍സില്‍ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. മൃതദേഹം എകെജി സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനായിരുന്നു തീരുമാനം. മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പവിത്രന്‍ കയ്യില്‍ പിടിച്ചെന്നാണ് അറ്റന്‍ഡര്‍ പറയുന്നത്. ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരമറിയിച്ചു. ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പവിത്രനെ ഐസിയുവിവേക്ക് മാറ്റി. പ്രാദേശിക ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോര്‍ച്ചറി സൗകര്യം ഒരുക്കി നല്‍കിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.