ആദ്യഘട്ട പോളിങ് ശതമാനം നല്‍കുന്ന ഫലസൂചനകള്‍

ഏപ്രില്‍ 11ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 69.43 ശതമാനമായിരുന്നു പോളിങ്. 2014ലെ പോളിങ് ശതമാനത്തെ(71.62) അപേക്ഷിച്ച് രണ്ട് ശതമാനത്തിലേറെ കുറവ്.

Update: 2019-04-19 13:03 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും നിര്‍ണായകമായ ഉത്തര്‍പ്രദേശും പശ്ചിമ ബംഗാളും ഇതിനകം പൂര്‍ണമായും ഭാഗികമായും പോളിങ് ബൂത്തിലെത്തിക്കഴിഞ്ഞു. ഫലമറിയണമെങ്കില്‍ മെയ് 23 വരെ കാത്തിരിക്കണം. എന്തെങ്കിലും സൂചനകള്‍ കിട്ടുന്ന എക്‌സിറ്റ് പോള്‍ ഫലം പുറത്തുവരണമെങ്കിലും അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19 കഴിയണം.

അതിന് മുമ്പ് എന്തെങ്കിലും സൂചനകള്‍ നല്‍കുന്ന ഏക ഔദ്യോഗിക ഡാറ്റയാണ് വിവിധ മണ്ഡലങ്ങലിലെ പോളിങ് ശതമാനം. പോളിങ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫലസൂചനകള്‍ കണക്കു കൂട്ടുന്ന വിവിധ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഏപ്രില്‍ 11ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 69.43 ശതമാനമായിരുന്നു പോളിങ്. 2014ലെ പോളിങ് ശതമാനത്തെ(71.62) അപേക്ഷിച്ച് രണ്ട് ശതമാനത്തിലേറെ കുറവ്. കുറേക്കൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ മാറ്റം കൂടുതല്‍ ബോധ്യപ്പെടും. ഉദാഹരണത്തിന് തെലങ്കാനയിലെ 17 മണ്ഡലങ്ങളിലും ഇക്കുറി പോളിങ് കുറഞ്ഞു. യുപിയില്‍ തിരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് 2014നെ അപേക്ഷിച്ച് പോളിങ് കൂടിയത്.

പോളിങ് കൂടിയാല്‍ അത് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണെന്നാണ് ഒരു പൊതു നിഗമനം. നിലവിലുള്ള സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായി ജനങ്ങള്‍ കൂട്ടത്തോടെ വന്ന് വോട്ട് ചെയ്യുന്നു എന്നതാണ് ഇതിനു പിന്നിലെ ന്യായം. പോളിങ് കുറവെങ്കില്‍ ഭരണ വിരുദ്ധ വികാരം കുറവെന്നും ഇതില്‍ നിന്ന് കണക്കു കൂട്ടാം.

എന്നാല്‍, ഇത് വസ്തുതയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇല്ലെന്ന് വിദഗ്ധര്‍ പറയന്നു. 2018ല്‍ മിലന്‍ വൈഷ്ണവ്, ജോനാഥന്‍ ഗൈ എന്നിവര്‍ ചേര്‍ന്ന് നടത്തിയൊരു പഠനം സ്റ്റഡീസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ് എന്ന ജേണല്‍ പ്രസിദ്ധീകരിച്ചിരുന്നു. 1980 മുതല്‍ 2012വരെ ഇന്ത്യയില്‍ നിനടന്ന 18 പ്രധാന തിരഞ്ഞെടുപ്പുകളാണ് അവര്‍ പഠന വിധേയമാക്കിയത്.

നിലവിലുള്ള സര്‍ക്കാരിനെ ശിക്ഷിക്കണമെന്ന പ്രചോദനമുണ്ടായാല്‍ ജനങ്ങള്‍ കൂടുതലായി പോളിങ് ബുത്തിലെത്തുമെന്ന പൊതുധാരണയുണ്ടെങ്കിലും മൂന്ന് പതിറ്റാണ്ടത്തെ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ പരിശോധിച്ചതില്‍ അങ്ങിനെയൊരു ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് ഈ പഠനത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ യോഗേന്ദ്ര യാദവും ഇതേ അഭിപ്രായക്കാരനാണ്. കോണ്‍ഗ്രസ് വിരുദ്ധ വികാരം ദൃശ്യമായ 1967ലെയും 1977ലെയും തിരഞ്ഞെടുപ്പ് ഫലമാണ് അങ്ങിനെയൊരു തെറ്റായ നിഗമനത്തില്‍ എത്താന്‍ കാരണമായതെന്നും അദ്ദേഹം പറയുന്നു.

അതേ സമയം, പോളിങ് ശതമാനവും ബിജെപിയുടെ വിജയവും തമ്മില്‍ ബന്ധമുണ്ടെന്നാണ് എന്‍ഡിടിവിയിലെ പ്രണോയ് റോയും ദോരബ് സോപാരി വാലയും ചേര്‍ന്നെഴുതിയ പുതിയ പുസ്തകത്തില്‍ പറയുന്നത്. 2004, 2009, 2014 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പോളിങ് കുറഞ്ഞ മണ്ഡലങ്ങളില്‍ ബിജെപി സഖ്യം മെച്ചപ്പെട്ട പ്രകടനം നടത്തുന്നതായി വ്യക്തമായെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. കേഡര്‍ പാര്‍ട്ടികളുടെ സ്വഭാമാകാം ഇതിന് കാരണമെന്ന് അവര്‍ പറയുന്നു. ബിജെപിയുടെ കേഡര്‍ വിഭാഗമായ ആര്‍എസ്എസുകാര്‍, വോട്ട് ചെയ്യാനുള്ള ജനതാല്‍പര്യം കുറവാണെങ്കില്‍ പോലും തങ്ങളുടെ വോട്ടുകള്‍ പരമാവധി പോള്‍ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നു.

അതേസമയം, 2014ലേത് ഒരു തരംഗ തിരഞ്ഞെടുപ്പായിരുന്നുവെന്ന വസ്തുത കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു. ഇന്ത്യയില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടിയ പോളിങ് നടന്നത് 2014ലായിരുന്നു. ഈ തിരഞ്ഞെുപ്പില്‍ മോദിയില്‍ ആകൃഷ്ടരായ പുതിയ വോട്ടര്‍മാര്‍ പൊതുവേ ബിജെപിക്ക് അനുകൂലമായാണ് വോട്ട് ചെയ്തതെന്ന് രാഷ്ട്രീയ ശാസ്ത്രജ്ഞനായ നീലാഞ്ജന്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നു.

ഇതു പ്രകാരം 2014നെ അപേക്ഷിച്ച് പോളിങ് കുറഞ്ഞാല്‍ അത് ബിജെപിക്ക് തിരിച്ചടിയാവുമെന്ന അഭിപ്രായമാണ് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസിലെ സഞ്ജയ് കുമാറിന്. ആദ്യഘട്ടത്തില്‍ യുപിയില്‍ തിരഞ്ഞെടുപ്പ് നടന്ന എട്ട് മണ്ഡലങ്ങളില്‍ ആറിലും പോളിങ് കുറവായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇതില്‍ അഞ്ചിലും ബിജെപിയാണ് ജയിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോളിങ് കൂടിയാല്‍ അത് ബിജെപിക്ക് അനുകൂലവും മറിച്ചാണെങ്കില്‍ പ്രതികൂലവും ആയിരിക്കുമെന്നാണ് തന്റെ നിഗമനമെന്ന് സഞ്ജയ് കുമാര്‍ പറയുന്നു. ഇതു പ്രകാരം ആദ്യ റൗണ്ടില്‍ യുപിയില്‍ ബിജെപിക്ക് ആറ് സീറ്റുകള്‍ കുറയും.

2014ലേത് പോലെ പ്രത്യേകിച്ച് ഒരു തരംഗം ഈ തിരഞ്ഞെടുപ്പില്‍ ഇല്ലെന്നാണ് ഇതുവരെയുള്ള പോളിങ് സൂചിപ്പിക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

Tags:    

Similar News