ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ബിജെപിക്ക് 6060 കോടി
ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ കര്‍ശന നിര്‍ദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
https://www.eci.gov.in/disclosure-of-electoral-bonds
എന്ന വൈബ്‌സൈറ്റിലൂടെയാണ് ബോണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. രണ്ടു പട്ടികകളായാണ് നല്‍കിയിട്ടുള്ളത്. ആദ്യത്തേതില്‍ ബോണ്ട് വാങ്ങിയ വ്യക്തി, തിയ്യതി, മൂല്യം, ഡിനോമിനേഷന്‍ എന്നിവയാണുള്ളത്. രണ്ടാമത്തേതില്‍ പാര്‍ട്ടികള്‍ ബോണ്ട് പണമാക്കിയ തീയതി, ഏത് പാര്‍ട്ടി, ബോണ്ടുകളുടെ ഡിനോമിനേഷന്‍ എന്നിങ്ങനെയുമാണുള്ളത്. അതേസമയം, ബോണ്ട് വാങ്ങിയവരുടെ വിവരവും ഏത് പാര്‍ട്ടിക്ക് നല്‍കിയെന്നും പട്ടികയില്‍ വ്യക്തമാക്കിയിട്ടില്ല. 2019 ഏപ്രില്‍ ഒന്നുമുതല്‍ ഏപ്രില്‍ 11 വരെ 3346 ബോണ്ട് വിറ്റപ്പോള്‍ 1609 ബോണ്ട് പാര്‍ടികള്‍ പണമാക്കി. 2019 ഏപ്രില്‍ 12 മുതല്‍ 2024 ഫെബ്രുവരി 15 വരെ 18,871 ബോണ്ട് വിറ്റപ്പോള്‍ 20,421 ബോണ്ട് പണമാക്കി മാറ്റി. 15 ദിവസത്തിനുള്ളില്‍ പണമാക്കി മാറ്റാത്ത ബോണ്ടുകള്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റിയതായും എസ്ബിഐ വെളിപ്പെടുത്തി. ഇലക്ടറല്‍ ബോണ്ടുകളുടെ മൂല്യം, വാങ്ങിയ ആളുകളുടെയും ലഭിച്ച പാര്‍ടികളുടെയും വിവരങ്ങളുമാണ് തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ്കുമാര്‍ ഖാര സത്യവാങ്മൂലത്തില്‍ പറഞ്ഞു.
2019 ഏപ്രില്‍ 12നും 2024 ജനുവരി 24നും ഇടയില്‍ ബിജെപി 6060.5 കോടി രൂപ മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ പണമാക്കിയെന്നാണ് വിവരത്തിലുള്ളത്. ഏറ്റവും കൂടുതല്‍ പണം ലഭിച്ചതും ബിജെപിക്കാണ്. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന് 1,609.50 കോടി(12.6%) ലഭിച്ചു. കോണ്‍ഗ്രസിന് 1,421.9 കോടി(11.1%)യാണ് ലഭിച്ചത്. ഭാരത് രാഷ്ട്ര സമിതി, ബിജു ജനതാദള്‍, ദ്രാവിഡ മുന്നേറ്റ കഴകം എന്നിവയാണ് ഇക്കാലയളവില്‍ 500 കോടിയിലധികം രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ നിക്ഷേപിച്ച മറ്റ് പാര്‍ട്ടികള്‍.
വേദാന്ത ലിമിറ്റഡ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, പിരമല്‍ എന്റര്‍െ്രെപസസ്, മുത്തൂറ്റ് ഫിനാന്‍സ്, എസ്സല്‍ മൈനിംഗ്, ഭാരതി എയര്‍ടെല്‍, സിപ്ല, അള്‍ട്രാടെക് സിമന്റ്, ഡിഎല്‍എഫ്, സ്‌പൈസ് ജെറ്റ്, സുസുക്കി ഇന്ത്യ തുടങ്ങിയവയാണ് പ്രധാന കോര്‍പറേറ്റ് ദാതാക്കള്‍. ബിജെപി, കോണ്‍ഗ്രസ്, ടിഎംസി, ബിജെഡി, ഡിഎംകെ, ബിആര്‍എസ്, വൈഎസ്ആര്‍പി, ടിഡിപി, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ക്കെല്ലാം പണം ലഭിച്ചപ്പോള്‍ സിപിഎം, സിപിഐ പാര്‍ട്ടികള്‍ ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഈ മാസം 15നു വൈകിട്ട് അഞ്ചിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തുവിടണമെന്നായിരുന്നു സുപ്രിംകോടതി നിര്‍ദേശം. 2019 ഏപ്രില്‍ ഒന്നുമുതല്‍ 2024 ഫെബ്രുവരി 15 വരെ 22,217 ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റതായും അതില്‍ 22,030 ബോണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ പണമാക്കി മാറ്റിയതായും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബിഐ) സുപ്രിംകോടതിയെ അറിയിച്ചിരുന്നു.