ഇലോണ്‍ മസ്‌കിന് ലോക ധനികന്‍ പദവി നഷ്ടമായി; ബെര്‍ണാഡ് അര്‍നോള്‍ട്ട് ഇനി ഒന്നാമന്‍

Update: 2022-12-14 03:00 GMT

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന് നഷ്ടമായി. ഫോബ്‌സും ബ്ലൂംബെര്‍ഗും പുറത്തുവിട്ട പട്ടിക പ്രകാരം ആഡംബര ഉല്‍പ്പന്ന കമ്പനിയായ ലൂയി വിറ്റ (എല്‍വിഎംഎച്ച്)ന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബെര്‍ണാഡ് അര്‍നോള്‍ട്ട് മിസ്റ്റര്‍ മസ്‌കിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലയുടെ ഓഹരികളുടെ മൂല്യം ഈ വര്‍ഷം കുത്തനെ ഇടിഞ്ഞതാണ് മസ്‌കിന് തിരിച്ചടിയായത്. ഫോബ്‌സിന്റെ കണക്കനുസരിച്ച്, മസ്‌കിന് ഇപ്പോള്‍ ഏകദേശം 178 ബില്യണ്‍ ഡോളറിന്റെ (152 ബില്യന്‍ പൗണ്ട്) മൂല്യമുണ്ട്.

അതേസമയം, അര്‍നോള്‍ട്ടിന്റെ മൂല്യം 188 ബില്യന്‍ ഡോളറാണ്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ മറികടന്നാണ് അര്‍നോള്‍ട്ട് ലോക കോടീശ്വരന്‍മാരില്‍ ഒന്നാമതെത്തിയത്. ടെസ്‌ലയില്‍ മസ്‌കിന് 14 ശതമാനം ഓഹരിയുണ്ട്. ഒക്ടോബറില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ട്വിറ്ററിന്റെ 44 ബില്യന്‍ ഡോളറിന്റെ ഏറ്റെടുക്കല്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. മാസങ്ങള്‍ നീണ്ട നിയമതര്‍ക്കങ്ങള്‍ക്ക് ശേഷമാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയായത്. ട്വിറ്റര്‍ ഏറ്റെടുക്കലിനുശേഷം ഏകദേശം നാല് ബില്യന്‍ ഡോളര്‍ മൂല്യമുള്ള ടെസ്‌ല ഓഹരികള്‍ മസ്‌ക് വിറ്റഴിച്ചിരുന്നു. പിന്നാലെ ടെസ്‌ലയുടെ ആസ്തി ഏറെ നാളുകള്‍ക്കുശേഷം 200 ബില്യനിലും താഴുകയും ചെയ്തു.

ടെസ്‌ല ഓഹരികള്‍ തിങ്കളാഴ്ച 6.3 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. മസ്‌ക് ട്വിറ്ററില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന ഭീതിയില്‍ നിക്ഷേപകര്‍ ടെസ്‌ല ഓഹരികള്‍ ഉപേക്ഷിക്കുകയായിരുന്നു. 2021 സപ്തംബറിന് ശേഷം മസ്‌കായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ലോകത്തെ ഏറ്റവും വലിയ ആഡംബര കമ്പനിയുടെ ഉടമയാണ് അര്‍നോള്‍ഡ്. ലൂയിസ് വിറ്റണ് പുറമേ ടിഫാനി, സെലിനെ, ടാഗ് ഹ്യുയര്‍ എന്നീ ബ്രാന്‍ഡുകളും അര്‍നോള്‍ഡിന്റെ ഉടമസ്ഥതയിലാണുള്ളത്.

Tags:    

Similar News