ദുബയ്: യുഎഇയില്‍നിന്നുള്ള യാത്രാ വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചതിന് പിന്നാലെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്‌സ്. സപ്തംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ആഴ്ചയില്‍ 24 സര്‍വീസുകളാണ് യുഎഇയില്‍ നിന്ന് സൗദിയിലേക്ക് നടത്തുക. സൗദി തലസ്ഥാനമായ റിയാദിലേക്കും ജിദ്ദയിലേക്കും എല്ലാ ദിവസവും യുഎഇയില്‍നിന്ന് എമിറേറ്റ്‌സിന്റെ വിമാന സര്‍വീസുണ്ടാവും. യുഎഇയില്‍നിന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് ഒക്ടോബര്‍ എട്ട് മുതല്‍ സര്‍വീസുണ്ടാവും.
ആഴ്ചയില്‍ നാല് തവണ സര്‍വീസ് നടത്തും. കൂടാതെ ഒക്ടോബര്‍ 21 മുതല്‍ പ്രതിദിന ഫ്‌ളൈറ്റ് സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കും. എമിറേറ്റ്‌സ് ഫ്‌ളൈറ്റ് ഇകെ 173, 174 തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇകെ 175, 176 ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലും സര്‍വീസ് നടത്തും. ദമ്മാമിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ക്ക് പുറമെ മദീനയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുമാണ് പദ്ധതിയിടുന്നത്.
സപ്തംബര്‍ 16 മുതല്‍ റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇരട്ടിയാക്കും. ഈ മാസം അവസാനത്തോടെ മറ്റ് നഗരങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് എമിറേറ്റ്‌സിന്റെ നീക്കം. യുഎഇ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് സപ്തംബര്‍ എട്ട് മുതലാണ് സൗദി അറേബ്യ പിന്‍വലിച്ചത്. ഈ രാജ്യങ്ങളിലേക്ക് സൗദി സ്വദേശികള്‍ക്ക് യാത്ര ചെയ്യാനും അനുമതി നല്‍കി. യുഎഇക്ക് പുറമെ അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നിവയാണ് വിലക്ക് നീക്കിയ മറ്റ് രാജ്യങ്ങള്‍.