എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ്: പ്ലസ്ടു മാര്‍ക്ക് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല- കാംപസ് ഫ്രണ്ട്
മുമ്പ് മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശനം പൂര്‍ണമായും എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍, വലിയ തുകകള്‍ ആവശ്യമായ ഉന്നതനിലവാരത്തിലുള്ള കോച്ചിങ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കിട്ടാക്കനിയായിരുന്നു. അതുകൊണ്ട് വരേണ്യര്‍ക്ക് വേണ്ടിയുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ക്കെതിരേ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.
കണ്ണൂര്‍: ഈ വര്‍ഷത്തെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നതില്‍നിന്ന് പ്ലസ്ടു പരീക്ഷയുടെ മാര്‍ക്ക് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സന ജയ്ഫര്‍. നിലവില്‍ സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ന്‍ഡറി വിദ്യാര്‍ഥികളുടെ മുഴുവന്‍ എഴുത്തുപരീക്ഷയും കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ മൂല്യനിര്‍ണയം നടത്താന്‍ 10, 11, 12 ക്ലാസുകളിലെ പഠനനിലവാരം വിലയിരുത്തി യഥാക്രമം 30:30:40 എന്ന അനുപാതത്തില്‍ മാര്‍ക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്.
അങ്ങനെയിരിക്കെ എന്‍ജിനീയറിങ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് പ്ലസ്ടു പരീക്ഷയുടെ 50 ശതമാനം മാര്‍ക്ക് പരിഗണിക്കുന്നത് ഒഴിവാക്കാനുള്ള തീരുമാനം ധൃതിപിടിച്ച് നടപ്പാക്കുന്നത് ദുരുദ്ദേശപരമാണ്. മുമ്പ് മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശനം പൂര്‍ണമായും എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍, വലിയ തുകകള്‍ ആവശ്യമായ ഉന്നതനിലവാരത്തിലുള്ള കോച്ചിങ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കിട്ടാക്കനിയായിരുന്നു. അതുകൊണ്ട് വരേണ്യര്‍ക്ക് വേണ്ടിയുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ക്കെതിരേ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.
തുടര്‍ന്ന് എന്‍ട്രന്‍സ് പരീക്ഷ ഒഴിവാക്കണമെന്നും പ്ലസ്ടു പരീക്ഷയുടെ മാര്‍ക്ക് എന്‍ജിനീയറിങ് പ്രവേശനത്തിന് മാനദണ്ഡമാക്കണമെന്നും ആവിശ്യപ്പെട്ട് കാംപസ് ഫ്രണ്ട് നിരന്തരമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബി എന്‍ട്രന്‍സ് ഫലപ്രഖ്യാപന നടത്തുന്ന വേദിയില്‍കയറി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അന്നത്തെ ഇടത് സര്‍ക്കാര്‍ 50 ശതമാനം പ്ലസ്ടു മാര്‍ക്കും പരിഗണിക്കണമെന്നുള്ള നിലപാടിലെത്തിയത്.
നിലവില്‍ അകാരണമായി പ്ലസ്ടു പരീക്ഷയുടെ 50 ശതമാനം മാര്‍ക്ക് പ്രവേശന പരീക്ഷയ്ക്ക് മാനദണ്ഡമല്ലാതാക്കാനുള്ള നടപടി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാധാരണക്കാരായ വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കും. അതിനാല്‍, സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്‍മാറണമെന്നും വരേണ്യപ്രീണനം അവസാനിപ്പിക്കണമെന്നും സന ജയ്ഫര്‍ ആവശ്യപ്പെട്ടു.