എന്‍ട്രന്‍സ് കോച്ചിങ്: പാലായെ കൈവിട്ട് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ കോച്ചിങിനായി കോട്ടയിലേക്ക് നീങ്ങുന്നു

Update: 2021-09-20 17:45 GMT

കോഴിക്കോട്: മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷക്കായി കോട്ടയം ജില്ലയിലെ പാലായെ ആശ്രയിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ഇന്ത്യയിലെ പ്രമുഖ കോച്ചിങ് കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിലേക്ക് ചേക്കേറുന്നു. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാനും നീറ്റിലും ജെഇഇ മികച്ച റാങ്ക് കരസ്ഥമാക്കണമെങ്കില്‍ കോട്ടയിലെ കോച്ചിംഗ് കേന്ദ്രങ്ങളെ ആശ്രയിച്ചാല്‍ കൂടുതല്‍ എളുപ്പമാകുമെന്നുള്ള വിശ്വാസമാണ് ഈ മാറ്റത്തിന് കാരണം. കോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരീശീലന കേന്ദ്രങ്ങളാണ് ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളായ ഐഐടി, എയിംസിലേക്കും കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നതെന്ന വാര്‍ത്തകളും മലയാളി വിദ്യാര്‍ഥികളെ കോട്ടിയിലേക്ക് ആകര്‍ഷിക്കുന്നു.

മക്കളെ പരിശീലിപ്പിക്കാനായി ഫ് ളാറ്റുകള്‍ എടുത്ത് രക്ഷിതാക്കളോടൊപ്പം തന്നെ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളുമുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി കൂടുതല്‍ പേരാണ് ഈ വര്‍ഷം കോട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്നും കൂടുതല്‍ കോട്ടയിലേക്ക് ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെ മലയാളികള്‍ക്ക് മാത്രമായുള്ള ഭക്ഷണം വിഭവങ്ങള്‍ വരെയുള്ള ഹോസ്റ്റലുകള്‍ പോലും ലഭ്യമാണന്ന് കോട്ടയിലെ പ്രമുഖ കോച്ചിംഗ് സ്ഥാപനമായ വൈബ്രന്റ് അക്കാദമി ഡയറക്ടര്‍ പങ്കജ് ജോഷി തേജസ് ന്യൂസിനോട് പറഞ്ഞു.

വര്‍ഷങ്ങളായി കോട്ടയിലെ പരിശീലന കേന്ദ്രങ്ങളുണ്ടാക്കിയ റിസള്‍ട്ടിന്റെ ഫലമായാണ് മലയാളികളും ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലന്‍ കാരീര്‍, റിസോണന്‍സ്, ന്യൂക്ലിയസ്, ബന്‍സാല്‍, ആകാശ്, മോഷന്‍ അക്കാദമി, ഫിറ്റ്ജീ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി മികച്ച റാങ്കോടെ വിജയിപ്പിക്കുന്നുണ്ട്. പ്രഫഷനല്‍ പഠനത്തിനായി പരിശീലനം നല്‍കുന്ന മികച്ച 10 സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്ന് പോലും കേരളത്തിലില്ല എന്നുള്ളതും മലയാളി വിദ്യാര്‍ഥികളെ കോട്ടയിലേക്ക് ആകര്‍ശിക്കുന്നതിന് കാരണമാണ്. പ്രതിവര്‍ഷം രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോച്ചിങ്ങിനായി കോട്ടയിലെത്തുന്നത്.

Tags:    

Similar News