മഹാബലിക്കൊപ്പം ജനിച്ച ആളാണോ കേന്ദ്രമന്ത്രി മുരളീധരന്‍?: ഇ പി ജയരാജൻ
മഹാബലി കേരളത്തിലല്ല ജനിച്ചതെന്ന് പറഞ്ഞ കേന്ദ്രമന്ത്രിക്ക് വിവരമില്ല. ഇക്കാര്യം ആധികാരികമായി പറയാന്‍ മഹാബലിക്കൊപ്പം ജനിച്ച ആളാണോ
തിരുവനന്തപുരം: മഹാബലിക്ക് ഓണവുമായി ബന്ധമൊന്നുമില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. മഹാബലി കേരളത്തിലല്ല ജനിച്ചതെന്ന് പറഞ്ഞ കേന്ദ്രമന്ത്രിക്ക് വിവരമില്ല. ഇക്കാര്യം ആധികാരികമായി പറയാന്‍ മഹാബലിക്കൊപ്പം ജനിച്ച ആളാണോ വി മുരളീധരന്‍ എന്നും ജയരാജന്‍ ചോദിച്ചു.
മഹാബലിക്ക് ഓണവുമായി ബന്ധമില്ലെന്ന മുരളീധരന്റെ പ്രസാതവനയെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും വിമര്‍ശിച്ചു. 'ഓണത്തിന് മാവേലിയുമായി ബന്ധമില്ലത്രേ...!! മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങിനെയാകും.. മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല.... ' ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.
ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബിജെപി അനുകൂല സംഘടന സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രി മുരളീധരന്റെ പരാമര്‍ശം. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണവുമായി മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല. നർമ്മദ നദിയുടെ തീരത്ത് ഭരിച്ച രാജാവായിരുന്നു മഹാബലി. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവുകളില്ലെന്നും മുരളീധരൻ പറഞ്ഞു. മഹാബലിക്ക് വാമനൻ മോക്ഷം നൽകിയെന്നാണ് ഐതിഹ്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.