യൂറോപ്യന്‍ യൂനിയന്റെ ഉപരോധ ഭീഷണിയില്‍ ആശങ്കയില്ലെന്ന് ഉര്‍ദുഗാന്‍
കിഴക്കന്‍ മെഡിറ്ററേനിയന്‍ വാതക വിഭവങ്ങളുമായി ബന്ധപ്പെട്ട് ഗ്രീസുമായും സൈപ്രസുമായും ഉള്ള തര്‍ക്കത്തില്‍ തുര്‍ക്കിക്കെതിരേ സാധ്യമായ ഉപരോധം ചര്‍ച്ച ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇന്ന് യോഗം ചേരുന്നുണ്ട്.
ആങ്കറ: യൂറോപ്യന്‍ യൂണിയന്‍ ആങ്കറയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയേക്കാവുന്ന ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ തങ്ങള്‍ക്ക്് ആശങ്കയില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
'1963 മുതല്‍, യൂറോപ്യന്‍ യൂനിയന്‍ തങ്ങളുടെ മേല്‍ നിരന്തരം ഉപരോധം നടപ്പാക്കുന്നുണ്ട്. യൂറോപ്യന്‍ യൂനിയന്‍ ഒരിക്കലും സത്യസന്ധത പുലര്‍ത്തുകയോ വാഗ്ദാനങ്ങള്‍ക്കു പിന്നില്‍ അടിയുറച്ച് നില്‍ക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ തങ്ങള്‍ എല്ലായ്‌പ്പോഴും ക്ഷമയോടെ കാത്തിരുന്നു'- അസര്‍ബൈജാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഉര്‍ദുഗാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
യൂറോപ്യന്‍ യൂനിയന്റെ തീരുമാനങ്ങളെ തുര്‍ക്കി കാത്തിരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. തുര്‍ക്കിക്കെതിരായ നീക്കങ്ങളെ ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള ചില നേതാക്കള്‍ എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഴക്കന്‍ മെഡിറ്ററേനിയന്‍ വാതക വിഭവങ്ങളുമായി ബന്ധപ്പെട്ട് ഗ്രീസുമായും സൈപ്രസുമായും ഉള്ള തര്‍ക്കത്തില്‍ തുര്‍ക്കിക്കെതിരേ സാധ്യമായ ഉപരോധം ചര്‍ച്ച ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇന്ന് യോഗം ചേരുന്നുണ്ട്.
കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശത്ത്, തങ്ങളുടെ മുഴുവന്‍ അവകാശങ്ങളും തങ്ങള്‍ സംരക്ഷിക്കുന്നത് തുടരും. ഇവിടെ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍ ഗ്രീസ് ഒരു അയല്‍ക്കാരനെന്ന നിലയില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍, ഞങ്ങള്‍ തുടര്‍ന്നും ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നും അദ്ദേം പറഞ്ഞു.