ലൈസന്‍സില്ലാത്ത 19 തോക്കുകള്‍ പിടിച്ച സംഭവം: സുരക്ഷാ ജീവനക്കാര്‍ അറസ്റ്റില്‍
ആയുധ നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ പോലിസ് കേസെടുത്തിരിക്കുന്നത്.എടിഎമ്മുകളില്‍ പണം നിറയ്ക്കുമ്പോള്‍ ഒപ്പം സുരക്ഷയ്ക്കായി പോകുന്ന സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ജീവനക്കാരാണിവര്‍. അറസ്റ്റിലായിരിക്കുന്നവര്‍ എല്ലാവരും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണെന്ന് കളമശേരി പോലിസ് പറഞ്ഞു
കൊച്ചി: സ്വകാര്യ ഏജന്‍സികളുടെ സുരക്ഷ ജീവനക്കാരില്‍ നിന്നും ഇന്നലെ 19 തോക്കുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ 19 ജീവനക്കാരെ പോലിസ് അറസ്റ്റു ചെയ്തു.തോക്ക് ഉപയോഗിച്ചു വന്നിരുന്ന 18 സുരക്ഷ ജീവനക്കാരെയും ഇവരെ ജോലിക്കായി കൊണ്ടുവന്ന വിനോദ് കുമാര്‍ എന്ന വ്യക്തിയെയുമാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവര്‍ ജമ്മു-കശ്മീരിലെ രജൗറി ജില്ലക്കാരാണ്.ലൈസന്‍സില്ലാതെ തോക്കുകള്‍ കൈവശം വെച്ചതിന് ആയുധ നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ പോലിസ് കേസെടുത്തിരിക്കുന്നത്.എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിനായി പോകുന്ന വാഹനങ്ങളില്‍ ഒപ്പം സുരക്ഷയ്ക്കായി പോകുന്ന സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ജീവനക്കാരാണിവര്‍.
നേരത്തെ തിരുവനന്തപുരം കരമനയില്‍ സെക്യൂരിറ്റി ഏജന്‍സികള്‍ ലൈസന്‍സില്ലാതെ കൈവശം വെച്ചിരുന്ന തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഈ കേസില്‍ ഉള്‍പ്പെട്ട സ്ഥാപനത്തിന്റെ ഹെഡ് ഓഫിസ് കളമശേരിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പോലിസ് നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ പിടിച്ചെടുത്തത്.കളമശേരി കൂനം തൈ,എകെജി റോഡിലുള്ള സിസ്‌കോ സെക്യൂരിറ്റി എന്ന സ്ഥാപനത്തിലായിരുന്നു പരിശോധന.തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നാണ് 19 തോക്കുകളും നൂറോളം തിരകളും പിടിച്ചെടുത്തതെന്ന് പോലിസ് പറഞ്ഞു.തോക്കിന്റെ നിജസ്ഥിതി അറിയുന്നതിനായി രജൗറി എഡിഎമ്മുമായി ബന്ധപ്പെടുകുയം ഇതില്‍ പരിശോധന നടക്കുകയുമാണെന്നും പോലിസ് പറഞ്ഞു.