കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: തടിയന്റെ വിട നസീര്‍ അടക്കം മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ ഐ എ കോടതി
തടിയന്റവിട നസീര്‍, സാബിര്‍ ബുഖാരി,താജുദീന്‍ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച കോടതി വിധിക്കും.
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചി എന്‍ ഐ എ കോടതി .കേസിലെ പ്രതികളായ തടിയന്റവിട നസീര്‍, സാബിര്‍ ബുഖാരി,താജുദീന്‍ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച കോടതി വിധി ക്കും.തടിയന്റവിട നസീര്‍ ഉള്‍പ്പടെ കേസില്‍ 13 പ്രതികളുണ്ട്. ഇതില്‍ അഞ്ചാം പ്രതി അനുപ് കുറ്റ സമ്മതം നടത്തിയതിനെ തുടര്‍ന്ന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു.പ്രതിപ്പട്ടികയില്‍ ബാക്കിയുള്ളവര്‍ ഇനി വിചാരണ നേരിടണം.
2005 സപ്റ്റംബര്‍ 9 നാണ് കേസിനാസ്പദമായ സംഭവം.എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയെ ജയിലില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബസ് കത്തിക്കല്‍ നടത്തിയത്.തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി.ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു.2010 ഡിസംബറിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.