നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടപകടം: സുരക്ഷാ നിര്‍ദ്ദേശം പാലിച്ചിട്ടില്ലെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ റിപോര്‍ട്ട്

നൂറുമീറ്റര്‍ അകലം പാലിക്കണമെന്ന കോടതി ഉത്തരവും പരിഗണിച്ചില്ല. ജനങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പടക്കത്തിന് തീകൊളുത്തിയെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. സംഘാടകര്‍ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ലംഘിച്ചുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ശരിയല്ലാത്ത നിലയിലും അശ്രദ്ധമായുമായാണ് അമിട്ടുകള്‍ സ്ഥാപിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. അമിട്ടുകള്‍ സ്ഥാപിച്ചിരുന്ന സ്റ്റാന്റുകള്‍ മറിഞ്ഞുവീണതിനെ തുടര്‍ന്നാണ് വെടിമരുന്നുകള്‍ക്ക് തീപിടിച്ചത്

Update: 2020-02-04 15:21 GMT

കൊച്ചി: നടക്കാവ് ഭഗവതി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ സുരക്ഷാ നിര്‍ദ്ദേശം പാലിച്ചിട്ടില്ലെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ റിപോര്‍ട്ട്. നൂറുമീറ്റര്‍ അകലം പാലിക്കണമെന്ന കോടതി ഉത്തരവും പരിഗണിച്ചില്ല. ജനങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പടക്കത്തിന് തീകൊളുത്തിയെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. സംഘാടകര്‍ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ലംഘിച്ചുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. നിയമലംഘനം നടന്നതായി പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടും വെടിക്കെട്ട് നടത്തരുതെന്ന് വിവിധ വകുപ്പുകള്‍ സംഘാടകരോട് ആവശ്യപ്പെട്ടു. ശരിയല്ലാത്ത നിലയിലും അശ്രദ്ധമായുമായാണ് അമിട്ടുകള്‍ സ്ഥാപിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. അമിട്ടുകള്‍ സ്ഥാപിച്ചിരുന്ന സ്റ്റാന്റുകള്‍ മറിഞ്ഞുവീണതിനെ തുടര്‍ന്നാണ് വെടിമരുന്നുകള്‍ക്ക് തീപിടിച്ചത്.

അതേ സമയം ഒരു കോടിയുടെ ഇന്‍ഷുറന്‍സ് ഉണ്ടെന്ന് ക്ഷേത്ര സമിതി അറിയിച്ചു. ഇന്‍ഷുറന്‍സിന്റെ സാധുത പരിശോധിച്ചറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എഡിഎമ്മിനോട് ഇങ്ങനെയൊരു റിപോര്‍ട്ടും ഹൈക്കോടതിയാണ് ആവശ്യപ്പെട്ടത്. കലക്ടര്‍ വെടിക്കെട്ടുമായി ബന്ധപ്പെട്ട അനുമതി നിഷേധിച്ചിരുന്നു. ഫയര്‍ഫോഴ്സ് പോലിസ് വകുപ്പ്്, റവന്യൂ അധികാരികള്‍ എന്നിവര്‍ വെടിക്കെട്ടിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ള കുറഞ്ഞ ദൂരപരിധി പാലിച്ചിട്ടില്ലെന്നും വെടിക്കെട്ടിന് നിശ്ചയിച്ചിട്ടുള്ള സ്ഥലത്തിന് സമീപത്തായി കുറച്ച് വീടുകള്‍ ഉണ്ടെന്നും വെടിക്കെട്ടിന്് അനുമതി നല്‍കരുതെന്ന് മൂന്ന് വകുപ്പുകളും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും അനുമതി വാങ്ങിയാണ് ക്ഷേത്രകമ്മിറ്റി വെടിക്കെട്ട് നടത്തിയത്.

തുടര്‍ന്ന് അനുമതി നല്‍കിയപ്പോള്‍ത്തന്നെ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ക്ഷേത്രകമ്മിറ്റിക്കായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം ഉണ്ടായത്.അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ എട്ടു സ്ത്രീകളും ഒരു കുട്ടിയും ഉണ്ടായിരുന്നു. രണ്ടുപേര്‍ക്ക് ഗുരുതരമായ പരിക്കുകളും മറ്റുള്ളവര്‍ക്ക് നിസാരപരിക്കുമേറ്റിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് സംഭവത്തില്‍ ഹൈക്കോടതി എഡിഎമ്മിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടത്. കേസ് നാളെ വീണ്ടും പരിഗണിക്കും. 

Tags:    

Similar News