കൊച്ചിയില്‍ റോഡിലെ കുഴി യുവാവിന്റെ ജീവനെടുത്ത സംഭവം: അസ്വഭാവിക മരണത്തിന് പോലിസ് കേസെടുത്തു; മരിച്ച യുവാവിന്റെ വീട്ടില്‍ കലക്ടര്‍ എത്തി
പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എസിപി ലാല്‍ജി പറഞ്ഞു.നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു. മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കലക്ടറും അന്വേഷണ ചുമതലയുള്ള അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ ചന്ദ്രശേഖരനും മരിച്ച യദുലാലിന്റെ വീട്ടില്‍ എത്തി കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചു.
കൊച്ചി: കൊച്ചി പാലാരിവട്ടം മെട്രോ സ്‌റ്റേഷനു സമീപം എട്ടുമാസത്തോളമായി നികത്താതെ കിടന്ന കുഴി യുവാവിന്റെ ജീവനെടുത്ത സംഭവത്തില്‍ പോലിസ് കേസെടുത്തു. മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മരിച്ച യുവാവിന്റെ വീട്ടിലെത്തി തെളിവെടുത്തു.കൂനമ്മാവ് സ്വദേശി യദുലാല്‍(23) ആണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. ബൈക്കില്‍ വരികയായിരുന്ന യദുലാല്‍ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്കു വെട്ടിച്ചു മാറ്റുന്നതിനിടയില്‍ കുഴി അശാസ്ത്രീയമായ രീതിയില്‍ മറച്ചുവെച്ചിരുന്ന തകര ഷീറ്റിന്റെ ബോര്‍ഡില്‍ തട്ടി റോഡിലേക്ക് വീഴുകയും പിന്നാലെയെത്തിയ ലോറി യദുലാലിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിനാണ് കേസെടുത്തതായി എസിപി ലാല്‍ജി പറഞ്ഞു.
നിലവില്‍ ആരെയും കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. എന്നാല്‍ അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു. പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും എസിപി പറഞ്ഞു.സംഭവത്തില്‍ ഇന്നലെ ജില്ലാ കലക്ടര്‍ ഇന്നലെ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എസ് സുഹാസും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ ചന്ദ്രശേഖരനും ഇന്ന് മരിച്ച യദുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും പിതാവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുകയും ചെയ്തു.
കുടംബത്തിന്റെ നിലവിലെ സാഹചര്യം സംബന്ധിച്ചായിരുന്നു പ്രധാനമായും ജില്ലാ കലക്ടര്‍ ചോദിച്ചത്.കുടുംബത്തിലെ പ്രധാന വരുമാന മാര്‍ഗമായിരുന്നു യദുലാല്‍.യദുലാലിന്റെ മരണത്തോടെ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലാകാതിരിക്കാന്‍ വേണ്ട സഹായം ചെയ്യുമെന്നും ജില്ലാ കലക്ടര്‍ യദുവിന്റെ മാതാപിതാക്കളെ അറിയിച്ചു.കുടുംബത്തിന്റെ അവസ്ഥ സംബന്ധിച്ച റിപോര്‍ട് കലക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ ചന്ദ്രശേഖരന്‍ യുവാവിന്റെ മരവുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോരിറ്റി, പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയും വീഴയും സംബന്ധിച്ച് അന്വേഷണം നടത്തി അടുത്ത ദിവസം തന്നെ റിപോര്‍ട് സമര്‍പ്പിക്കുമെന്നാണ് വിവരം.