തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; പി ടി തോമസിനെയും മറി കടന്ന് ഉമയുടെ ഭൂരിപക്ഷം

14,329 വോട്ടുകളായിരുന്നു 2021 ലെ തിരഞ്ഞെടുപ്പില്‍ പി ടി തോമസ് നേടിയത്. എന്നാല്‍ ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ ഉമയുടെ ലീഡ് 15,000 കടന്നു

Update: 2022-06-03 05:35 GMT

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ ഭൂരി പക്ഷം കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ പി ടി തോമസ് നേടിയ ഭൂരിപക്ഷത്തിനു മുകളില്‍ എത്തി.14,329 വോട്ടുകളായിരുന്നു 2021 ലെ തിരഞ്ഞെടുപ്പില്‍ പി ടി തോമസ് നേടിയത്. എന്നാല്‍ ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ ഉമയുടെ ലീഡ് 15,000 കടന്നു. എട്ടാം റൗണ്ട് പൂര്‍ത്തിയാകാറായപ്പോള്‍ ഇത് 17,000 കടന്നു.ഇനി നാലു റൗണ്ടുകള്‍ കൂടി വോട്ടുകള്‍ എണ്ണാന്‍ ബാക്കി നില്‍ക്കേയാണ് ഉമാ തോമസിന്റെ ഭുരിപക്ഷം 17,000 കടന്നിരിക്കുന്നത്.

വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു ഘട്ടത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന് മുന്നേറ്റം നടത്താന്‍ സാധിച്ചില്ല.ഏഴാം റൗണ്ട് വരെയുള്ള വോട്ടെണ്ണലില്‍ ഒരോ അഞ്ചാം റൗണ്ടിലൊഴികെ മറ്റെല്ലാ റൗണ്ടുകളിലും രണ്ടായിരത്തിലധികമായിരുന്നു ഉമാ തോമസിന്റെ ലീഡ്.യുഡിഎഫ് ക്യാപിനെപ്പോലും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ഉമാ തോമസ് നടത്തുന്നത്.എല്‍ഡിഎഫിന്റെ കോട്ടകളില്‍ പോലും ഉമാ തോമസ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്.

നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ സിപിഎമ്മും എല്‍ഡിഎഫും തോല്‍വി സമ്മതിച്ചു.ജനഹിതം അംഗീകരിക്കുന്നുവെന്നും ഇത് അപ്രതീക്ഷിതമാണെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റമാണ് യുഡിഎഫും ഉമാ തോമസും നടത്തുന്നതെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞുവെന്നായിരുന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.നൂറു സീറ്റു തികയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹമാണ് തൃക്കാക്കരയില്‍ പൊലിഞ്ഞതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.പോളിങ് ശതമാനം കുറഞ്ഞാല്‍ യുഡിഎഫിനെയാണ് അത് ബാധിക്കുന്നതെന്ന് പ്രചാരണവും തൃക്കാക്കരയില്‍ പൊളിഞ്ഞുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തൃക്കാക്കരയിലേത് എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ വിധിയെഴുത്താണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

Tags:    

Similar News