സെഞ്ച്വറി മോഹം പൊലിഞ്ഞ് മുഖ്യമന്ത്രിയും എല്‍ഡിഎഫും;കരുത്തരായി സതീശനും സുധാകരനും
എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ചുക്കാന്‍ പിടിച്ചിട്ടും തൃക്കാക്കരയില്‍ യുഡിഎഫ് ഇന്നേവരെ നേടാത്ത വിധത്തില്‍ ചരിത്ര ഭൂരിപക്ഷത്തോടെ വിജയം നേടിയതിന്റെ ഞെട്ടലിലാണ് ഇടത് ക്യാംപ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ നൂറ് സീറ്റ് തികച്ച് കൂടുതല്‍ ശക്തി തെളിയിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും എല്‍ഡിഎഫിന്റെയും മോഹം വീണുടഞ്ഞപ്പോള്‍ യുഡിഎഫിലും കോണ്‍ഗ്രസിലും കരുത്ത് തെളിയിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും.ഉപതിരഞ്ഞെടിപ്പിനിടയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി കൂടിയായ കെ വി തോമസിന്റെ ഭാവിയും ഇനിയെന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ചുക്കാന്‍ പിടിച്ചിട്ടും തൃക്കാക്കരയില്‍ യുഡിഎഫ് ഇന്നേവരെ നേടാത്ത വിധത്തില്‍ ചരിത്ര ഭൂരിപക്ഷത്തോടെ വിജയം നേടിയതിന്റെ ഞെട്ടലിലാണ് ഇടത് ക്യാംപ്.
കെ റെയില്‍ അടക്കമുള്ള വിഷയം ഉയര്‍ത്തി കോണ്‍ഗ്രസും യുഡിഎഫും സര്‍ക്കാരിനെതിരെ സമര രംഗത്ത് ശക്തമായി നിലകൊള്ളുന്നതിനിടയിലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതോടെ കെ റെയില്‍ വേണോ വേണ്ടയോ എന്നുള്ളതില്‍ കേരളത്തിലെ ജനങ്ങളുടെ വിധിയെഴുത്തായി തൃക്കാക്കര മാറുമെന്നായിരുന്നു യുഡിഎഫും കോണ്‍ഗ്രസും പ്രഖ്യാപിച്ചത്.തൃക്കാക്കരയില്‍ യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചരണ ആയുധവും കെ റെയില്‍ തന്നെയായിരുന്നു. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും പ്രതിരോധിച്ചുകൊണ്ട് വികസനമെന്ന അജണ്ട മുന്‍നിര്‍ത്തിയായിരുന്നു എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും പ്രചാരണം.ഏതു വിധേനയും തൃക്കാര പിടിക്കാനുള്ള ലക്ഷ്യത്തിലായിരുന്നു എല്‍ഡിഎഫ.് മറുവശത്ത് യുഡിഎഫിനും കോണ്‍ഗ്രസിനും തൃക്കാക്കരയിലെ വിജയം നിലനില്‍പ്പിന്റെ വിഷയം കൂടിയായിരുന്നു.തൃക്കാക്കരയില്‍ ഏതെങ്കിലും വിധത്തില്‍ യുഡിഎഫും കോണ്‍ഗ്രസും പരാജയപ്പെട്ടാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും നേതൃത്വം കോണ്‍ഗ്രസിനുള്ളില്‍ ചോദ്യം ചെയ്യപ്പെടുമെന്ന കാര്യവും ഉറപ്പായിരുന്നു.അതു കൊണ്ടുതന്നെ തൃക്കാക്കരയിലെ ഫലം ഇരുവര്‍ക്കും നിര്‍ണ്ണായകമായിരുന്നു.
നിലവില്‍ 99 സീറ്റുകളുടെ ബലത്തില്‍ ഭരണത്തിലിരിക്കുന്ന എല്‍ഡിഎഫിന് തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഫലം എതിരായാലും സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയാകില്ലെന്ന് ഉറപ്പായിരുന്നു. എന്നിരുന്നാലും തൃക്കാക്കര കൂടി പിടിച്ച് കെ റെയില്‍ അടക്കമുളള വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നാവടപ്പിക്കുകയെന്നതായിരുന്നു സിപിഎമ്മും എല്‍ഡിഎഫും ലക്ഷ്യമിട്ടിരുന്നത്. കോണ്‍ഗ്രസുമായി ഇടഞ്ഞു നിന്ന മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കെ വി തോമസിനെ ഇടതു പാളയത്തിലെത്തിച്ചതും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഡോ.ജോ ജോസഫിനായി വോട്ട് ചോദിച്ച് കെ വി തോമസിനെ ഇറക്കിയതും കോണ്‍ഗ്രസിന് ഏതു വിധേനയും തിരിച്ചടി നല്‍കുയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.
തൃക്കാക്കരയിലെ വിജയം എല്‍ഡിഎഫിന് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖമന്ത്രി പിണറായി വിജയന്‍ തന്നെ തൃക്കാക്കരയിലെ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ നേരിട്ട് ഏറ്റെടുത്തത്.എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.ലോക്കല്‍ കമ്മിറ്റികളിലടക്കം മുഖ്യമന്ത്രി പങ്കെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നു. സംസ്ഥാന മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാരും മണ്ഡലത്തില്‍ തമ്പടിച്ചുകൊണ്ട് ഒരോ വീടുകളിലും കയറിയിറങ്ങിയായിരുന്നു വോട്ട് തേടിക്കൊണ്ടിരിന്നത്.ഇവര്‍ക്കൊപ്പം നിരവധി ഇടത് എംഎല്‍എമാരും മണ്ഡലത്തില്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു. കോണ്‍ഗ്രസിനോട് കലഹിച്ച് കെ വി തോമസും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഡി സി സി ജനറല്‍ സെക്രട്ടറിയും തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് വിട്ടിട്ടും പ്രചാരണ രംഗത്ത് ഒരിഞ്ചു പോലും പിന്നോട്ടു പോകാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളായിരുന്നു കോണ്‍ഗ്രസ് കാഴ്ച വെച്ചത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തന്നെയായിരുന്നു യുഡിഎഫിന്റെ ചുക്കാന്‍ പിടിച്ചത്.ഏതെങ്കിലും ഒരു ഉപ തിരഞ്ഞെടുപ്പില്‍ കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു തൃക്കാക്കര സാക്ഷ്യം വഹിച്ചത്.ബുത്ത് അടിസ്ഥാനത്തിലുള്ള കുടുംബ യോഗങ്ങളില്‍ പോലും എംഎല്‍എ മാരും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വരെ വീടുകള്‍ തോറും കയറി വോട്ടു തേടിയിരുന്നു.മണ്ഡലത്തിന്റെ മുക്കും മൂലയും ഇളക്കി മറിച്ചുള്ള പ്രചാരണായിരുന്നു കഴിഞ്ഞ ഒരു മാസക്കാലം തൃക്കാക്കരയില്‍ നടന്നത്. ഇത്രയും വലിയ രീതിയില്‍ പ്രചരണം നടത്തിയിട്ടും മുന്‍വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി പോളിങ് ശതമാനം താഴെപ്പോയത് ഇരു മുന്നണികളിലും ഞെട്ടലുണ്ടാക്കിയിരുന്നു.
പോളിങ് ശതമാനം 68.77 ശതമാനത്തിലൊതുങ്ങിയതോടെ എല്‍ഡിഎഫിന് വിജയ പ്രതീക്ഷ കൂടുതല്‍ ശക്തമായിരുന്നു.യുഡിഎഫ് ക്യാപിലും ആശങ്കയുണ്ടായിരുന്നുവെങ്കിലും നേരിയ ഭൂരിപക്ഷത്തിലെങ്കിലും ഉമാ തോമസ് വിജയിക്കുമെന്നായിരുന്നു യുഡിഎഫിന്റെ വിലയിരുത്തല്‍.എന്നാല്‍ അന്തിമ ഫലം വന്നപ്പോള്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് 25,016 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയം നേടുകയായിരുന്നു.
കെ റെയില്‍ നടപ്പാക്കാനുളള സര്‍ക്കാരിന്റെ ശ്രമത്തിനുള്ള ശക്തമായ തിരിച്ചടിയാണ് ഉമാ തോമസിന്റെ വിജയമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ഉമാ തോമസിന്റെ വിജയത്തോടെ കോണ്‍ഗ്രസില്‍ വി ഡി സതീശനും കെ സുധാകരനും കൂടുതല്‍ കരുത്താര്‍ജ്ജിച്ചുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉമാ തോമസ് പരാജയപ്പെടുകയോ പി ടി തോമസ് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞു പോകുകയോ ചെയ്തിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സതീശന്റെയും സുധാകരന്റെയും തലയില്‍ വരുമെന്നു മാത്രമല്ല. ഇരുവരുടെയും നേതൃത്വത്തിനെതിരെ കോണ്‍ഗ്രസില്‍ മുറവിളി ഉയരുമായിരുന്നുവെന്ന കാര്യത്തിലും സംശയമുണ്ടായിരുന്നില്ല.ഇതിനെ ശക്തമായി തടയാനും ഇരുവര്‍ക്കും സാധിച്ചുവെന്നും തൃക്കാക്കര ഫലം ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിരഞ്ഞെടുപ്പ് വേളയില്‍ ഇടതിനൊപ്പം ചേര്‍ന്ന കെ വി തോമസിന്റെ തുടര്‍ന്നുള്ള നിലനില്‍പ്പും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിലൂടെ ചോദ്യം ചെയ്യപ്പെടുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചുകൊണ്ടായിരുന്നു കെ വി തോമസ് ഇടത് പാളയത്തിലെത്തിയത്.കെ റെയില്‍ നാടിനാവശ്യമാണെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രി പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കെ വി തോമസ് പ്രഖ്യാപിച്ചത്.എന്നാല്‍ എല്‍ഡിഎഫിന്റെ പരാജയം കെ വി തോമസിനും തിരിച്ചടിയായിരിക്കുകയാണ്.കെ വി തോമസിനോടുള്ള സിപിഎമ്മിന്റെ തുടര്‍ന്നുള്ള സമീപനം ഏതു വിധത്തിലായിരിക്കുമെന്നും കാത്തിരുന്ന് കാണേണ്ടതാണ്.