തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
1,96,805 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 95,274 പുരുഷ വോട്ടര്‍മാരും 1,01,530 വനിതാ വോട്ടര്‍മാരുമാണുള്ളത്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും മണ്ഡലത്തിലുണ്ട്. 222 പ്രവാസി വോട്ടര്‍മാരില്‍ 167 പുരുഷന്‍മാരും, 55 സ്ത്രീകളുമാണുള്ളത്. മണ്ഡലത്തിലുള്ള സര്‍വീസ് വോട്ടുകളുടെ എണ്ണം 83 ആണ്, ഇതില്‍ 69 പുരുഷന്മാരും 14 സ്ത്രീകളുമാണുള്ളത്
കൊച്ചി: മെയ് 31 നു നടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡല ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് അധികൃതര്‍. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പോളിംഗ് സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി. ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വരണാധികാരിക്കു കൈമാറി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ പരിശീലനങ്ങളും പൂര്‍ത്തിയാക്കി. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ, വിതരണ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളജിലും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി. വോട്ടെണ്ണല്‍ കേന്ദ്രം കൂടിയാണ് മഹാരാജാസ് കോളജ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ അന്തിമ വോട്ടര്‍പട്ടിക പ്രകാരം 1,96,805 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 95,274 പുരുഷ വോട്ടര്‍മാരും 1,01,530 വനിതാ വോട്ടര്‍മാരുമാണുള്ളത്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും മണ്ഡലത്തിലുണ്ട്. 222 പ്രവാസി വോട്ടര്‍മാരില്‍ 167 പുരുഷന്‍മാരും, 55 സ്ത്രീകളുമാണുള്ളത്. മണ്ഡലത്തിലുള്ള സര്‍വീസ് വോട്ടുകളുടെ എണ്ണം 83 ആണ്, ഇതില്‍ 69 പുരുഷന്മാരും 14 സ്ത്രീകളുമാണുള്ളത്.
തൃക്കാക്കരയിലെ വോട്ട് ചരിത്രം
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയിലെ 1,94,031 വോട്ടര്‍മാരില്‍ 1,34,422 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 94,025 പുരുഷ വോട്ടര്‍മാരില്‍ 67,965 പേരും 1,00,005 സ്ത്രീ വോട്ടര്‍മാരില്‍ 66,457 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെ പോളിംഗ് 69.28 ശതമാനമായിരുന്നു.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 74.47 ശതമാനമായിരുന്നു പോളിംഗ്. 1,34,814 വോട്ടാണ് രേഖപ്പെടുത്തിയത്. 67,406 പുരുഷന്‍മാരും 67,408 സ്ത്രീകളും വോട്ട് ചെയ്തു.2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 68,475 പുരുഷന്മാരും 68,937 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 1,37,413 പേര്‍ വോട്ട് ചെയ്തു. 76.06 ശതമാനമായിരുന്നു പോളിംഗ്.2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 61,058 പുരുഷന്മാരും 59,344 സ്ത്രീകളും ഉള്‍പ്പെടെയുള്ള 1,20,402 പേര്‍ വോട്ട് ചെയ്തു. പോളിംഗ് 72.3 ശതമാനം. ആകെ വോട്ടര്‍മാര്‍ 1,66,530 പേരായിരുന്നു.
മണ്ഡലത്തില്‍ 239 പോളിങ് ബൂത്തുകള്‍
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായി മണ്ഡലത്തില്‍ ഒരുക്കുന്നത് 239 പോളിംഗ് ബൂത്തുകള്‍. 164 പ്രധാന ബുത്തുകളും 75 അധിക ബൂത്തുകളും ഉള്‍പ്പെടെയാണ് 239 പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. ഇതില്‍ 69 അധിക ബൂത്തുകള്‍ പ്രധാന ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളില്‍ തന്നെയാകും പ്രവര്‍ത്തിക്കുക.ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം പോളിംഗ് സ്‌റ്റേഷനുകളില്‍ ഒരുക്കും. സ്ഥിര റാംപുകള്‍ ഇല്ലാത്തയിടങ്ങളില്‍ താല്‍കാലിക റാംപുകള്‍ നിര്‍മ്മിക്കും. കുടിവെള്ളം, വിശ്രമമുറികള്‍, ശുചി മുറികള്‍, വെളിച്ചം എന്നിവ പോളിംഗ് സ്‌റ്റേഷനുകളില്‍ ഉറപ്പുവരുത്തും.ഒരു വനിതാ സൗഹൃദ പോളിംഗ് ബൂത്തും അഞ്ച് മാതൃക ബൂത്തും
ഒരു വനിതാ സൗഹൃദ പോളിംഗ് ബൂത്താണ് മണ്ഡലത്തിലുള്ളത്. തൃക്കാക്കര ഇന്‍ഫെന്റ് ജീസസ് എല്‍പിഎസ് പ്രധാന കെട്ടിടത്തിലെ 119ാം നമ്പര്‍ ബൂത്താണ് വനിതാ പോളിംഗ് സ്‌റ്റേഷന്‍.അഞ്ച് മാതൃക പോളിംഗ് ബൂത്തുകള്‍ മണ്ഡലത്തില്‍ ഉണ്ടാകും. പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 11 കാംപയിന്‍ സ്‌കൂള്‍ ദേവന്‍കുളങ്ങര ഇടപ്പള്ളി, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 79 ആന്‍ഡ് 81 ടോക് എച്ച് എഞ്ചിനിയറിംഗ് ആന്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ വൈറ്റില, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 87 ഷറഫുള്‍ ഇസ് ലാം യുപിഎസ്, പരേപറമ്പ് കലൂര്‍, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 120 ഇന്‍ഫെന്റ് ജീസസ് എല്‍പി എസ്, തൃക്കാക്കര എന്നിവയാണ് മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍.
ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് 1470 ഉദ്യോഗസ്ഥര്‍
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 1470 ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 1340 ഉദ്യോഗസ്ഥരെയും വോട്ടെണ്ണല്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 130 ഉദ്യോഗസ്ഥരെയുമാണു നിയോഗിക്കുക. തൃക്കാക്കര മണ്ഡലത്തില്‍ ആകെ 239 പോളിംഗ് ബൂത്തുകളാണുള്ളത്. വോട്ടെണ്ണലിനായി 21 ടേബിളുകളാണ് ക്രമീകരിക്കുക. അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 27 വീതം മൈക്രോ ഒബ്‌സര്‍വര്‍മാരെയും കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയും കൗണ്ടിങ് അസിസ്റ്റന്റുമാരെയും നിയോഗിക്കും. പോസ്റ്റല്‍ വോട്ടുകള്‍ വേറെയാണ് എണ്ണുന്നത്. അതിനായി പ്രത്യേകം മൈക്രോ ഒബ്‌സര്‍വര്‍മാരെയും കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയും കൗണ്ടിങ് അസിസ്റ്റന്റുമാരെയും ഏര്‍പ്പെടുത്തും.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കി ആപ്പുകള്‍
തിരഞ്ഞെടുപ്പു പ്രക്രിയയില്‍ നിരവധി ആപ്ലിക്കേഷനുകളാണ് തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യാവസാനം താരമായി നില്‍ക്കുന്നത് എന്‍കോര്‍ വെബ് ആപ്ലിക്കേഷനാണ്. എനേബ്ലിങ് കമ്മ്യൂണിക്കേഷന്‍ ഇന്‍ റിയല്‍ ടൈം എന്‍വയോണ്‍മെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് എന്‍കോര്‍. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ എന്‍കോര്‍ ആപ്ലിക്കേഷന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതു മുതല്‍ പ്രവര്‍ത്തന സജ്ജമാകും.
സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന നാമനിര്‍ദേശ പത്രികകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലേക്കു ലഭ്യമാക്കുക, സൂക്ഷ്മ പരിശോധനയ്ക്കു ശേഷം സ്വീകരിച്ചതും തള്ളിയതുമായ വിവരങ്ങള്‍ ചേര്‍ക്കുക, തിരഞ്ഞെടുപ്പ് ദിവസം കൃത്യമായ ഇടവേളകളില്‍ പോളിങ്ങ് ശതമാനം ലഭ്യമാക്കുക തുടങ്ങി ഫലപ്രഖ്യാപന ദിവസം സമയാസമയം തിരഞ്ഞെടുപ്പ് ഫലം അറിയിക്കുകവരെ എല്ലാ കാര്യങ്ങളിലും എന്‍കോറിനെ ഉപയോഗപ്പെടുത്തുന്നു.
സ്ഥാനാര്‍ഥികള്‍ക്കു തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട റാലികള്‍, സമ്മേളനങ്ങള്‍, താത്കാലിക ഓഫീസുകള്‍ എന്നിവ ഒരുക്കുന്നതിനുള്ള അപേക്ഷകളും എന്‍കോറിന്റെ ഭാഗമായുള്ള സുവിധ പോര്‍ട്ടല്‍ വഴിയാണു സമര്‍പ്പിക്കുന്നത്.തിരഞ്ഞെടുപ്പ് കാലത്ത് വോട്ടെടുപ്പിനു നേരിട്ട് ഹാജരാകാന്‍ സാധിക്കാത്ത സേനാ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ സേവനത്തിന്റെ ഭാഗമായി വിദേശത്ത് സേവനമനുഷ്ഠിക്കുന്നവര്‍, അവരുടെ ഭാര്യമാര്‍ എന്നിവര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ ആണ് ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം അഥവാ ഇഎസ്ടിപിബിഎസ്.സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ വിലയിരുത്താനും തര്‍ക്കങ്ങള്‍ക്കുള്ള അവസരം ഒഴിവാക്കുന്നതിനുമായി വെബ്കാസ്റ്റിങ്ങ് സംവിധാനവും ഉപയോഗിക്കും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന പരാതികള്‍ അധികാരികളെ അറിയിക്കുന്നതിനുള്ള സംവിധാനമാണ് സി വിജില്‍. തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങള്‍ അധികാരികളിലേക്കെത്തിക്കുന്നതിനായി ലൊക്കേഷന്‍ ടാഗും ലൈവ് ഫോട്ടോ, വീഡിയോ റെക്കോഡിങ്ങും സി വിജിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളില്‍ സുഗമമായി ഉപയോഗിക്കാവുന്ന തരത്തിലാണ് സി വിജില്‍ ഒരുക്കിയിരിക്കുന്നത്. സി വിജിലില്‍ ലഭിക്കുന്ന പരാതികള്‍ യഥാ സമയം പരിഹരിക്കപ്പെടുന്നുണ്ടോ എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു മുതല്‍ വോട്ടെണ്ണല്‍ കഴിഞ്ഞു രണ്ടു ദിവസം വരെ സി വിജില്‍ പരാതികള്‍ പരിശോധിക്കും.
ശക്തമായ സുരക്ഷാ സംവിധാനം
പോളിംഗ് ബൂത്തുകളില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സബ് ഡിവിഷന്‍, ജില്ലാ തലങ്ങളില്‍ നിരീക്ഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ഉടനീളം ശക്തമായ സുരക്ഷ മുന്‍കരുതലും പോലിസ് വിന്യാസവുമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ പ്രദേശങ്ങളിലെയും ബൂത്തുകളുടെ എണ്ണത്തിന് ആനുപാതികമായുള്ള ക്രമീകരണങ്ങളാണു സ്വീകരിച്ചിട്ടുള്ളത്. ജില്ലയില്‍ പൊതുവെ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുഖകരമാക്കുന്നതിന്റെ ഭാഗമായാണു നടപടികള്‍.
മെഡിക്കല്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ ആരോഗ്യ വിഭാഗം.
തൃക്കാക്കര നിയമസഭാ മണ്ഡല ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്‌റ്റേഷനുകളില്‍ മെഡിക്കല്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ ആരോഗ്യ വിഭാഗം. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ദിനത്തിലും തലേ ദിവസവും മൊബൈല്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കും. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലും പ്രവര്‍ത്തന സജ്ജമായ മെഡിക്കല്‍ സംഘം ഉണ്ടാകും. തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിനായി ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും പോളിംഗ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിംഗ് സ്‌റ്റേഷന്‍, വിതരണ കേന്ദ്രം, ട്രെയിനിംഗ് കേന്ദ്രം, വോട്ടെണ്ണല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.