സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഫാഷിസത്തെ ഒറ്റക്കെട്ടായി ചെറുക്കണം: അഡ്വ കെ നന്ദിനി
ഹിജാബിനെതിരായ നീക്കം കേവലം മതവിശ്വാസത്തിന്റെ പ്രശ്‌നമല്ല. അത് ഭരണഘടനയും ജനാധിപത്യവും ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും പ്രശ്‌നമാണ്
ആലുവ: രാജ്യത്ത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് പോലും കൂച്ചുവിലങ്ങിടുന്ന തലത്തിലേക്ക് ഫാഷിസം കടന്നിരിക്കുകയാണെന്നും അതിനെ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും പ്രമുഖ സാമൂഹിക പ്രവര്‍ത്തക അഡ്വ. കെ നന്ദിനി. ലോകവനിതാ ദിനത്തോടനുബന്ധിച്ച് 'ഫാഷിസത്തെ പരാജയപ്പെടുത്തുക, സ്ത്രീകളെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ആലുവയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഹിജാബിനെതിരായ നീക്കം കേവലം മതവിശ്വാസത്തിന്റെ പ്രശ്‌നമല്ല. അത് ഭരണഘടനയും ജനാധിപത്യവും ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും പ്രശ്‌നമാണ്. രാജ്യത്ത് ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകള്‍ നേരിടുന്നത് വ്യത്യസ്തമായ പ്രശ്‌നങ്ങളാണ്. ഹിന്ദുത്വ നിയമങ്ങളാണ് ഏറ്റവും മതേതരമെന്നതിലേക്ക് ചര്‍ച്ചകള്‍ വഴിമാറിയിരിക്കുന്നു. അതാണ് വസ്ത്രധാരണത്തെ പോലും വംശീയമായി വേര്‍തിരിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍.
ഹിന്ദുത്വ സെക്കുലര്‍ സെറ്റപ്പിലേക്ക് രാജ്യവും ഭരണകൂടവും കൂറുമാറുമ്പോള്‍ അവയ്‌ക്കെതിരേ ശക്തമായ ചെറുത്തുനില്‍പ്പിന് മതജാതി വൈജാത്യങ്ങള്‍ക്കും വ്യതിരിക്തതകള്‍ക്കുമതീതമായി സ്ത്രീ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും അഡ്വ. നന്ദിനി ആവശ്യപ്പെട്ടു. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു.
ഹുമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സുലൈഖ മാഹീന്‍, സാമൂഹിക പ്രവര്‍ത്തക അമ്പിളി ഓമനക്കുട്ടന്‍, ജ്വാല സംസ്ഥാന അധ്യക്ഷ ലൈല റഷീദ്, അഡ്വ. സിമി ജേക്കബ്, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സക്കീന നാസര്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സാന എന്‍ എന്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുഫീറ, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, സംസ്ഥാന നേതാക്കളായ പി ജമീല, മഞ്ജുഷ മാവിലാടം, ജില്ലാ പ്രസിഡന്റ് സുനിത നിസാര്‍ സംസാരിച്ചു.