നീതിയും മര്യാദയും എല്ലാവർക്കും വേണം; പോപുലർ ഫ്രണ്ടിനെതിരായ ജപ്തി നടപടി നീതിയല്ലെന്ന് കെ എം ഷാജി
കണ്ണൂർ: പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള ജപ്തി നടപടിക്കെതിരെ മുസ്‌ലീം ലീഗ് നേതാവ് കെ എം ഷാജി. സർക്കാർ നടപടി നീതിയല്ലെന്ന് ഷാജി പറഞ്ഞു. കനലിൽ എണ്ണയൊഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എല്ലാ പാർട്ടികൾക്കും തുല്യനീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി പി എം അംഗങ്ങൾ നിയമസഭയുടെ അകത്ത് നാശനഷ്ടം വരുത്തുന്നത് കണ്ടയാളാണ് താനെന്നും ആ ദൃശ്യങ്ങൾ വ്യാജമാണെന്ന് കളവു പറഞ്ഞവരാണ് ഇപ്പോൾ ജപ്തി നടത്തുന്നതെന്നും എടപ്പാൾ വട്ടംകുളത്ത് നടത്തിയ പ്രസംഗത്തിൽ ഷാജി വ്യക്തമാക്കി.
'അവരുടെ വീടുകളിൽ കയറി നോട്ടിസ് ഒട്ടിച്ച് അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അതും നിരപരാധിയായ അവന്റെ അമ്മയും ഭാര്യയും മക്കളുമൊക്കെ നോക്കിനിൽക്കേ, ഈ കാട്ടുന്നത് സാർവത്രിക നീതിയാണോ? ഞങ്ങൾ കൂടെ നിൽക്കാം പക്ഷേ ഇത് സാർവത്രിക നീതിയാണോ' എന്നും ഷാജി ചോദിച്ചു.
'കേരളത്തിന്റെ പൊതുമുതൽ നശിപ്പിച്ച സിപിഎമ്മിനെപ്പോലെ വേറെ ഏതെങ്കിലും പാർട്ടിയുണ്ടോ?,എന്നിട്ട് എത്ര പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും' അദ്ദേഹം ചേദിച്ചു. ഭരിക്കുന്നവന്റെ തോന്ന്യാസപ്പെട്ട മനസിന് ചാർത്തു കൊടുക്കാനല്ല രാജ്യത്തെ ജൂഡീഷ്യറിയും മീഡിയയും പ്രവർത്തിക്കേണ്ടതെന്നും നീതിയും മര്യാദയും എല്ലാവർക്കും വേണമെന്നും ഷാജി പറഞ്ഞു. മുസ്‌ലീം ലീഗ് നീതിയുടെ പക്ഷത്താണെന്നും ഷാജി കൂട്ടിച്ചേർത്തു.