പട്‌ന: രാമനവമി ആഘോഷത്തിന്റെ മറവില്‍ ബിഹാറില്‍ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ ബിജെപി മുന്‍ എംഎല്‍എയെ പോലിസ് അറസ്റ്റ് ചെയ്തു. സസാറമില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ബിജെപി നേതാവ് ജവഹര്‍ പ്രസാദിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ജവഹര്‍ പ്രസാദിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. സസാറമിനെ പ്രതിനിധീകരിച്ച് ജവഹര്‍ പ്രസാദ് അഞ്ചു തവണ എംഎല്‍എ ആയിരുന്നു.
അതേസമയം, അറസ്റ്റിനെതിരേ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി നോക്കാതെ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സസാറം നഗരത്തിലുണ്ടായ അക്രമസംഭവങ്ങളില്‍ ഒരു ഡസനിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. ബിഹാര്‍ ശരീഫില്‍ നൂറ്റാണ്ട് പഴക്കമുള്ള മദ്‌റസയും ലൈബ്രറിയും ഉള്‍പ്പെടെ കത്തിച്ചിരുന്നു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ രാമനവമി ദിനത്തില്‍ സംഘര്‍ഷമണ്ടാക്കിയിരുന്നു.