രാമനവമി സംഘര്‍ഷം: ജയിലില്‍ കിടക്കുന്ന യുവാക്കളെയും പ്രതിചേര്‍ത്ത് മധ്യപ്രദേശ് പോലിസ്
ഭോപാല്‍: രാമനവമി ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജയില്‍ കിടക്കുന്ന യുവാക്കളെയും പ്രതിചേര്‍ത്ത് മധ്യപ്രദേശ് പോലിസ്. രാമനവമി ആഘോഷത്തിന്റെ മറവില്‍ മധ്യപ്രദേശിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ബര്‍വാനി ജില്ലയില്‍ ഹിന്ദുത്വര്‍ വ്യാപകമായ അഴിച്ചുവിട്ട ആക്രമണത്തില്‍ ഇരകളായവര്‍ക്കെതിരേ പോലിസ് കേസും അറസ്റ്റും തുടരുകയാണ്. അതിനിടയിലാണ് സംഘര്‍ഷമുണ്ടായപ്പോള്‍ സ്ഥലത്തില്ലാതിരുന്ന ജയിലില്‍ കഴിയുന്ന യുവാക്കള്‍ക്കെതിരേ പോലിസ് കേസെടുത്ത വാര്‍ത്ത പുറത്തുവരുന്നത്. പോലിസ് നടത്തിവരുന്ന പ്രതികാര നടപടിയുടെ വ്യക്തമായ ഉദാഹരമാണ് ഈ നടപടിയെന്ന് വീണ്ടും വ്യക്തമായിരിക്കുകയാണ്.
ഒരുമാസമായി മോട്ടോര്‍ ബൈക്ക് കത്തിച്ചുവെന്ന കേസില്‍ ജയിലില്‍ കഴിയുന്ന മൂന്ന് യുവാക്കളെയാണ് പോലിസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസ് പിന്‍വലിക്കണെമെന്ന് കുടുംബം ആവശ്യപ്പെട്ടു. മാര്‍ച്ച് മുതല്‍ ജയിലില്‍ കഴിയുന്ന ഷഹബാസ്, ഫക്രൂ, റൗഫ് എന്നിവര്‍ക്കെതിരെയാണ് പോലിസ് പുതിയ കേസ് ചുമത്തിരിക്കുന്നത്. ഇതേ പോലിസ് സ്‌റ്റേഷനില്‍ തന്നെയാണ് ബൈക്ക് കത്തിച്ചുവെന്ന കേസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് അഞ്ചിന് രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്കെതിരേ കഴിഞ്ഞ ആഴ്ച നടന്ന സംഘര്‍ഷത്തിന്റെ പേരിലും കേസെടുത്തത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഇത് പോലിസിന്റെ അന്വേഷണത്തിലുള്ള വിശ്വാസ്യത ചോദ്യംചെയ്തിരിക്കുകയാണ്.
ഗുരുതരമായ വീഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് പോലിസിന്റെ വാദം. ഞങ്ങള്‍ വിഷയം അന്വേഷിച്ച് ജയില്‍ സൂപ്രണ്ടില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കും- മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ മനോഹര്‍ സിങ് എന്‍ഡിടിവിയോട് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷത്തിന് ശേഷം തന്റെ വീട് തകര്‍ത്തെന്നും തനിക്ക് നോട്ടീസ് നല്‍കിയില്ലെന്നും ജയിലില്‍ കഴിയുന്ന ഷഹബാസിന്റെ മാതാവ് സക്കീന ആരോപിച്ചു.
തന്റെ മകന്‍ ഇതിനകം ജയിലിലായിരിക്കുമ്പോള്‍ എങ്ങനെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അവര്‍ ചോദിച്ചു. പോലിസിനോട് ഇക്കാര്യം വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അത് ചെവിക്കൊണ്ടില്ല. ഇളയ മകനെപ്പോലും പോലിസ് കൂട്ടിക്കൊണ്ടുപോയി- അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അനധികൃത കൈയേറ്റം ആരോപിച്ച് മുസ്‌ലിംകളുടെ വീടുകളും കടകളും തകര്‍ക്കുന്നത് അധികാരികള്‍ തുടരുകയുമാണ്. ജില്ലയില്‍ ഇതുവരെ 45 ഓളം വീടുകളും കടകളും സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.