വനം മന്ത്രിയായിരിക്കേ ചന്ദനത്തൈലം കടത്തി; കെ സുധാകരനെതിരേ ആരോപണവുമായി മുന്‍ ഡ്രൈവര്‍

Update: 2023-06-26 09:34 GMT
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിക്കെതിരേ ഗുരുതര ആരോപണവുമായി മുന്‍ ഡ്രൈവറും കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലറുമായ പ്രശാന്ത് ബാബു രംഗത്ത്. വനംമന്ത്രിയായിരുന്നപ്പോള്‍ സുധാകരന്‍ ചന്ദനത്തൈലം കടത്തിയെന്നും ഇക്കാര്യം അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയോട് പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നും പ്രശാന്ത് ബാബു പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസില്‍ കെ സുധാകരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതിനു പിന്നാലെ സാമ്പതതിക വിവരങ്ങള്‍ അന്വേഷിക്കുന്നതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ ഡ്രൈവറും കോണ്‍ഗ്രസിന്റെ മുന്‍ പ്രാദേശിക നേതാവും കണ്ണൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലറുനായ പ്രശാന്ത് ബാബു ആരോപണവുമായെത്തിയത്. സുധാകരനുമായി തെറ്റിപ്പിരിഞ്ഞ പ്രശാന്ത് ബാബു ഇടയ്ക്കിടെ ആരോപണങ്ങളുമായി രംഗത്തുവരാറുണ്ട്. സാമൂഹിക മാധ്യമങ്ങളിലടക്കം സുധാകരനെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നയാളാണ് പ്രശാന്ത് ബാബു. പണം കിട്ടാന്‍ കെ സുധാകരന്‍ എന്തും ചെയ്യും. പണമാണ് സുധാകരന്റെ പ്രധാന വീക്ക്‌നസ്സ്. കണ്ണൂര്‍ നഗരസഭ ഭരണം ഉപയോഗിച്ച് വന്‍ തട്ടിപ്പിന് ശ്രമിച്ചിരുന്നു. വിജിലന്‍സ് കേസ് പിന്‍വലിക്കാന്‍ സുധാകരന്റെ ഇടനിലക്കാരന്‍ വഴി 25 ലക്ഷം രൂപകോഴ വാഗ്ദാനം നല്‍കി. ചിറക്കല്‍ രാജാസ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ പിരിച്ച 16 കോടിയോളം സുധാകരന്‍ വെട്ടിച്ചു. അഴിമതി നടത്തിയാണ് അദ്ദേഹം ആഡംബര വീടടക്കം നിര്‍മിച്ചത്. താന്‍ കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറായിരിക്കെയാണ്, മാലിന്യത്തില്‍നിന്ന് വൈദ്യുതി എന്ന പേരില്‍ 175 കോടി രൂപയുടെ അഴിമതിക്ക് സുധാകരന്‍ ശ്രമിച്ചത്. അന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയാണ് ആ ശ്രമത്തെ തടയിട്ടത്. ചിറക്കല്‍ രാജാസ് സ്‌കൂള്‍ ഏറ്റെടുക്കാന്‍വേണ്ടി വിദേശത്തുനിന്നടക്കം പിരിച്ച 16 കോടിയോളം സുധാകരന്‍ വെട്ടിച്ചു. ഇതുസംബന്ധിച്ചാണ് 2021ലാണ് വിജിലന്‍സിന് പരാതി നല്‍കിയതെന്നും പ്രശാന്ത് ബാബു പറഞ്ഞു. ഇപ്പോള്‍ സുധാകരന്റെ ഭാര്യയുടെ അക്കൗണ്ടുവിവരം തേടി വിജിലന്‍സ് സമീപിച്ചതും ഈ പരാതിയുടെ തുടര്‍നടപടിയായിട്ടായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.




Tags:    

Similar News