കര്‍ഷക പ്രതിഷേധത്തില്‍ ഉടന്‍ പരിഹാരം കണണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന

Update: 2021-02-06 02:21 GMT

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ ഉടന്‍ പരിഹാരം കണണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന. സര്‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്നും യുഎന്‍ മനുഷ്യാകാശ സംഘടന പറഞ്ഞു.

മനുഷ്യാവകാശം ഉറപ്പാക്കി വേണം പ്രശ്‌നത്തിന് പരിഹാരം കാണാന്‍. സമാധാനപരമായ യോഗം ചേരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ട്വീറ്റില്‍ പറയുന്നു. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരം ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. ട്രാക്ടര്‍ റാലിക്ക് പിന്നാലെ പുതിയ സമരമുഖം തുറക്കാനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായി ഇന്ന് ദേശീയപാത ഉപരോധിക്കും. പകല്‍ 12 മണി മുതല്‍ മൂന്ന് മണിവരെയാണ് ഉപരോധം. ഡല്‍ഹി എന്‍സിആര്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകള്‍ ഉപരോധിക്കും. സമരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കി.

അടിയന്തര സര്‍വീസുകള്‍ ഉപരോധ സമയത്ത് അനുവദിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തര്‍ക്കമുണ്ടാകരുത്. സമാധാനപരമായി മാത്രം ഉപരോധം നടത്തണമെന്നും നിര്‍ദ്ദേശം നല്‍കി. സമരത്തിന് മുന്നോടിയായി ഇന്നലെ ഉത്തര്‍ പ്രദേശിലെ ഷാമിലിയില്‍ വിലക്ക് ലംഘിച്ച് മഹാപഞ്ചായത്ത് ചേര്‍ന്നത് പോലിസിന് തിരിച്ചടിയായി. പോലിസ് ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി.




Similar News