കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന: തുടര്‍ പ്രക്ഷോഭങ്ങളുമായി എസ് ഡിപിഐ

Update: 2020-06-04 13:50 GMT

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുമ്പില്‍ ഉപവാസമുള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ നടത്താന്‍ എസ് ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ഓണ്‍ലൈന്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പ്രക്ഷോഭങ്ങള്‍ക്ക് തുടക്കംകുറിച്ച് ജൂണ്‍ ആറിന് മണ്ഡലം തലത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഒമ്പതിന് സംസ്ഥാന നേതാക്കള്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ ഉപവസിക്കും. 'പ്രവാസികള്‍ നാടിന്റെ നട്ടെല്ല്, പ്രവാസികളെ ഇനിയും പ്രയാസപ്പെടുത്തരുത്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

    സംസ്ഥാനത്തെ എംപിമാര്‍, മന്ത്രിമാര്‍ എന്നിവരുടെ വസതി, നോര്‍ക്കാ ഓഫിസ് എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസി വിഷയത്തില്‍ വഞ്ചനാപരമായ നയം തുടരുന്ന പക്ഷം ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആലോചിക്കേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍, സെക്രട്ടേറിയറ്റംഗങ്ങളായ പി കെ ഉസ്മാന്‍, ഇ എസ് കാജാ ഹുസയ്ന്‍, പി പി മൊയ്തീന്‍ കുഞ്ഞ് സംസാരിച്ചു.




Tags:    

Similar News