യുക്രൈന്‍ തലസ്ഥാനത്ത് രണ്ടാം ദിവസവും ഉഗ്ര സ്‌ഫോടനങ്ങള്‍; കീവില്‍ ഫ്‌ലാറ്റിനു മുകളില്‍ റഷ്യന്‍ വിമാനം തകര്‍ന്നു വീണു
കീവില്‍ പുലര്‍ച്ചെ അതിശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സ്‌ഫോടനങ്ങളാണ് പുലര്‍ച്ചെ നടന്നത്.
കീവ്: യുക്രൈനെതിരായ സൈനിക നടപടി രണ്ടാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി റഷ്യന്‍ സൈന്യം. യുക്രൈനിലെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ അതിശക്തമായ ആക്രമണം തുടരുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കീവില്‍ ഫഌറ്റിന് മുകളിലേക്ക് റഷ്യന്‍ വിമാനം തകര്‍ന്ന് വീണു. കീവില്‍ പുലര്‍ച്ചെ അതിശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സ്‌ഫോടനങ്ങളാണ് പുലര്‍ച്ചെ നടന്നത്. സ്‌ഫോടന ശബ്ദം കേട്ടതായി മുന്‍ ഡപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റണ്‍ ഹെരാഷ്‌ചെങ്കോ പറഞ്ഞതായി യുക്രൈനിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ക്രൂയിസ് അല്ലെങ്കില്‍ ബാലിസ്റ്റിക് മിസൈലുകളാണ് സ്‌ഫോടത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടന ശബ്ദം കേട്ടെന്ന് മലയാളി വിദ്യാര്‍ഥികളും പറഞ്ഞു. സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ചു. മറ്റൊരു നഗരമായ ഒഡേസയിലും അതിശക്തമായ വ്യോമാക്രമണം നടന്നുകൊണ്ടിരിക്കുകയാണ്.
കീവിലെ വൈദ്യുതഭക്ഷണ വിതരണ സംവിധാനങ്ങള്‍ തടസ്സപ്പെടുത്താന്‍ റഷ്യ ലക്ഷ്യമിടുന്നതായുള്ള വാര്‍ത്തകള്‍ രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മോസ്‌കോയില്‍ റഷ്യന്‍ അനുകൂലികളായ യുക്രൈന്‍ നേതാക്കളുടെ പട്ടിക തയ്യാറാക്കുകയാണെന്നും സൈനിക നടപടി പൂര്‍ത്തിയായാല്‍ ഇവരെ ഭരണാധികാരികളായി പ്രഖ്യാപിക്കാനാണ് റഷ്യ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്നും ലക്ഷ്യം നിര്‍വഹിച്ചെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. എന്നാല്‍ സ്വാതന്ത്യം ഇല്ലാതാക്കി ജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും പിന്തിരിഞ്ഞോടില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. ഏകദേശം ഒരു ലക്ഷം യുക്രേനിയന്‍ പൗരന്‍മാര്‍ പലായനം ചെയ്തതതായാണ് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
അതിനിടെ, റഷ്യയുടെ അധിനിവേശം അതിന്റെ മൂര്‍ധന്യത്തിലെത്തിനില്‍ക്കെ ജനങ്ങളോട് രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്തു.റഷ്യന്‍ സൈന്യം യുെ്രെകന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കെ രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും യുക്രൈന്‍ സര്‍ക്കാര്‍ ആയുധം നല്‍കുമെന്നും വൊളോദിമിര്‍ സെലെന്‍സ്‌കി ട്വിറ്ററിലൂടെ വ്യക്തമാക്കി.
'രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ഞങ്ങള്‍ ആയുധങ്ങള്‍ നല്‍കും. പിന്തുണയ്ക്കാന്‍ തയ്യാറെടുക്കുക' സെലെന്‍സ്‌കി ട്വീറ്റ് ചെയ്തു. സന്നദ്ധരായ ജനങ്ങള്‍ക്ക് ആയുധം നല്‍കുമെന്നും അതിന് ആവശ്യമായ നിയമപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും സെലെന്‍സ്‌കി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.
പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ രാജ്യം വിടരുതെന്നും യുക്രൈന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
യുക്രൈന്‍ നാറ്റോയിലെ 27 രാജ്യങ്ങളോടും ഉള്‍പ്പടെ സഹായം തേടിയിരുന്നുവെന്നും എന്നാല്‍ ആരും സഹായിക്കാന്‍ തയ്യാറായില്ലെന്നും സെലെന്‍സ്‌കി വ്യക്തമാക്കിയിരുന്നു. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സൈന്യത്തെ അയക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ജനങ്ങള്‍ക്ക് ആയുധം നല്‍കുന്നതുള്‍പ്പടെ അവസാന പ്രതിരോധങ്ങളിലേക്ക് നീങ്ങാന്‍ യുക്രൈനെ പ്രേരിപ്പിച്ചത്. സഖ്യകക്ഷികള്‍ക്കെല്ലാം ഭയമാണെന്നും റഷ്യയുടെ ലക്ഷ്യം താനാണെന്നുമാണ് സെലെന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. റഷ്യന്‍ അട്ടിമറി സംഘങ്ങള്‍ കീവില്‍ പ്രവേശിച്ചുവെന്നും യുക്രൈന്‍ പ്രസിഡന്റ് തന്റെ ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കി.