സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവം: സമഗ്രാന്വേഷണം വേണമെന്ന് മുസ്തഫ കൊമ്മേരി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. 117 ജലാറ്റിന്‍ സ്റ്റിക്ക്, 350 ഡിറ്റനേറ്റര്‍ തുടങ്ങി വന്‍ സ്‌ഫോടക വസ്തു ശേഖരമാണ് പിടികൂടിയത്. കേരളത്തില്‍ സംഘപരിവാര സംഘടനകള്‍ വ്യാപക കലാപത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്ന ഈ സാഹചര്യത്തില്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരമാണ് കഴിഞ്ഞെയിടെ പോലിസ് പരിശോധനയിലുള്‍പ്പെടെ കണ്ടെത്തിയിട്ടുള്ളത്.
തലശ്ശേരിയിലേക്കുള്ള ട്രെയിന്‍ ടിക്കറ്റാണ് പ്രതിയുടെ കൈവശമുണ്ടായിരുന്നത് എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലവും ബന്ധങ്ങളും വ്യക്താമാവേണ്ടതുണ്ട്. കേവലം കിണറിലെ പാറ പൊട്ടിക്കാന്‍ കൊണ്ടുവന്ന വസ്തുക്കളാണെന്ന നിലയില്‍ ഗുരുതരമായ സംഭവത്തെ ന്യായീകരിക്കാനും നിസ്സാരവല്‍ക്കരിക്കാനുമുള്ള പോലിസ് ഉള്‍പ്പെടെയുള്ളവരുടെ വിശദീകരണങ്ങള്‍ മുന്‍വിധിയോടെയുള്ളതും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണ്. കൃത്യവും കാര്യക്ഷമവുമായ അന്വേഷണത്തിലൂടെ നിജസ്ഥിതി പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ഇതിനു മുമ്പ് എത്രമാത്രം സ്‌ഫോടക വസ്തുക്കള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും അവ എവിടെയാണ് ശേഖരിച്ചിട്ടുള്ളതെന്നും കണ്ടെത്തേണ്ടത് ഇവിടെ സമാധാനം നിലനിര്‍ത്തുന്നതിന് അനിവാര്യമാണ്.
കൂടാതെ ചെന്നൈയില്‍ നിന്ന് കിലോമീറ്ററുകള്‍ താണ്ടി വിവിധ സ്‌റ്റേഷനുകള്‍ പിന്നിട്ട് കോഴിക്കോട്ട് എത്തി എന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് വ്യക്തമാക്കുന്നത്. ഈ വീഴ്ചയ്ക്ക് ഉത്തരവാദിയായവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.