ന്യൂഡല്‍ഹി: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ ആഗോളതലത്തില്‍ വീണ്ടും നിശ്ചലമായി. ശനിയാഴ്ച പുലര്‍ച്ചെയാണ് രണ്ടുമണിക്കൂര്‍ സേവനം തടസ്സപ്പെട്ടത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, വര്‍ക്ക് പ്ലേസ് തുടങ്ങി സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളാണ് തകരാറിലായത്. കോണ്‍ഫിഗറേഷന്‍ അപ്‌ഡേഷന്‍ മൂലമാണ് തടസ്സം നേരിട്ടതെന്നാണ് ഫേസ്ബുക്ക് നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ രണ്ടുമണിക്കൂറുകളില്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തതില്‍ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായി ഫേസ്ബുക്ക് അറിയിച്ചു. 'ഞങ്ങള്‍ പ്രശ്‌നം പരിഹരിച്ചു, ഇപ്പോള്‍ എല്ലാം സാധാരണ നിലയിലായെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. ചില ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍സ്റ്റഗ്രാം ഫീഡുകള്‍ ലോഡുചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മറ്റുള്ളവര്‍ക്ക് ഫേസ്ബുക്ക് മെസഞ്ചറില്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിഞ്ഞില്ല. ഉപയോക്താക്കളുടെ ക്ഷമയ്ക്ക് ഇന്‍സ്റ്റഗ്രാമും നന്ദി അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് സേവനങ്ങള്‍ തടസ്സപ്പെട്ടതിനെതിരേ ട്വിറ്ററില്‍ ട്രോളുകളും പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്ക് ആഴ്ചയിലെ പ്രവൃത്തി ദിനം മൂന്നാക്കി ചുരുക്കിയെന്നും തിങ്കള്‍, വെള്ളി ദിവസങ്ങള്‍ അടച്ചുപൂട്ടലാണെന്നുമായിരുന്നു ഒരാളുടെ കുറിപ്പ്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് സാമൂഹികമാധ്യമങ്ങള്‍ നിശ്ചലമാവുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയും ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു.