പട്ടേലിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്: കവരത്തി പഞ്ചായത്ത് മെംബര്‍ അറസ്റ്റില്‍
കവരത്തി: മാര്‍ച്ച് 21ന് എന്‍സിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ സമരവുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വെല്ലുവിളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കവരത്തി പഞ്ചായത്ത് മെംബറെ പോലിസ് അറസ്റ്റ് ചെയ്തു. കവരത്തി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗം ആസിഫ് അലിയെയാണ് ഇന്നലെ അര്‍ധരാത്രിയോടെ പോലിസ് അറസ്റ്റ് ചെയ്തത്. ലക്ഷദ്വീപ് എംപി ഫൈസലും അനുയായികളും സ്ഥലത്തെത്തി പോലിസിനെ തടഞ്ഞെങ്കിലും ആസിഫലിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയാണുണ്ടായത്. ഞായറാഴ്ച കോടതി അവധിയായതിനാല്‍ തിങ്കളാഴ്ച ജാമ്യം ലഭിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
മാര്‍ച്ച് 21ന് ഭരണകൂട ഭീകരതയ്‌ക്കെതിരേയാണ് എന്‍സിപി ലക്ഷദ്വീപില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അന്നേദിവസം ലക്ഷദ്വീപിലേക്ക് വരാന്‍ നിങ്ങള്‍ക്ക് ഭയമുണ്ടോയെന്നാണ് പട്ടേലിനെ വെല്ലുവിളിച്ചുകൊണ്ടുള്ള പോസ്റ്റില്‍ ആസിഫ് അലി പറഞ്ഞിരുന്നത്. മാര്‍ച്ച് നേരിടാന്‍ പട്ടേലിനെ വെല്ലുവിളിക്കുന്നുവെന്നും ആസിഫ് അലി പോസ്റ്റ് കൂട്ടിച്ചേര്‍ത്തു. ഇതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായതിന് ശേഷം ആദ്യമായല്ല സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അറസ്റ്റ് നടക്കുന്നത്.
മുമ്പ് ലക്ഷദ്വീപില്‍ രണ്ട് കപ്പല്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത് എന്ന കാര്യം സമൂഹമാധ്യമം വഴി പങ്കുവച്ചതിന് മിനിക്കോയ് സ്വദേശിയും ലക്ഷദ്വീപ് അസിസ്റ്റന്റ് ടൂറിസം ഡയറക്ടറുമായ ഹുസൈന്‍ മണിക്ഫാനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കവരത്തി പോലിസ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് ഹുസൈന്‍ മണിക്ഫാന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജില്ലാ കോടതി നിരീക്ഷിച്ചത്.
ലക്ഷദ്വീപിനെ കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതികരിച്ചതിന്റെ പേരില്‍ രാജ്യദ്രോഹ ക്കേസ് ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയായ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന ആസിഫ് അലിക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ഇതൊരു ജനാധിപത്യ രാജ്യമാണ് വീണ്ടും വീണ്ടും ഞങ്ങള്‍ നിങ്ങളെ ഓര്‍മപ്പെടുത്തുന്നുവെന്ന് ഐഷ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കാരണം ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തി ദ്വീപിലെ പഞ്ചായത്ത് മെംബര്‍ ആസിഫ് അലി ഒരു പോസ്റ്റ് ഇട്ടപ്പോള്‍തന്നെ അദ്ദേഹത്തെ ലക്ഷദ്വീപ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു.
എന്താണ് ഇതിന്റെ അര്‍ഥം? ഇതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത് ? ആരും ശബ്ദിക്കാന്‍ പാടില്ലാ എന്നല്ലേ, ജനകീയ സമരങ്ങള്‍ പ്രത്യേകിച്ച് ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള സമരവും ഘോടാ പാട്ടേലിനെതിരെയുള്ള സമരത്തിനും എന്നും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതാണ് എന്റെ രീതി. 21ന് എന്‍സിപി പ്രഖ്യാപിച്ച ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള സമരത്തിന് അഭിവാദ്യം അര്‍പ്പിക്കുന്നതായും ആസിഫ് അലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഐഷ സുല്‍ത്താന കൂട്ടിച്ചേര്‍ത്തു.
ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇതൊരു ജനാധിപത്യ രാജ്യമാണ് വീണ്ടും വീണ്ടും ഞങ്ങള്‍ നിങ്ങളെ ഓര്‍മപ്പെടുത്തുന്നു
കാരണം ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിദ്വീപിലെ പഞ്ചായത്ത് മൈബര്‍ ആസിഫ് അലി ഇങ്ങനെയൊരു പോസ്റ്റ് ഇട്ടപ്പോള്‍തന്നെ അദ്ദേഹത്തേ ഇന്ന് ലക്ഷദ്വീപ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു... എന്താണ് ഇതിന്റെ അര്‍ഥം? ഇതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത് ? ആരും ശബ്ദിക്കാന്‍ പാടില്ലാ എന്നല്ലേ, ആദ്യം 124(A) ചാര്‍ജ് ചെയ്തു എന്റെ വാ മൂടികെട്ടാന്‍ ശ്രമിച്ചു, പിന്നീട് ലക്ഷദ്വീപിന്റെ ട്യൂറിസത്തിന്റെ ജനറല്‍ മാനേജറായ ഹുസൈന്‍ മണിക്ഫാന്‍ സാര്‍ കപ്പലിന്റെ കാര്യം ചൂണ്ടിക്കാണിച്ച് പോസ്റ്റ് ഇട്ടപ്പോള്‍ അദ്ദേഹത്തെയും അറസ്റ്റ് ചെയ്തു..
ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്തുന്നത് നിങ്ങളുടെ ഉള്ളിലെ ഭയം കൊണ്ടാണ്, കേവലമൊരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഭയക്കുന്ന നിങ്ങള്‍ക്ക് എങ്ങനെ താങ്ങാന്‍ സാധിക്കും വരും നാളുകളില്‍ നടക്കാന്‍ പോവുന്ന പ്രതിഷേധം ? ജനകീയ സമരങ്ങള്‍ പ്രത്യേകിച്ച് ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള സമരവും ഘോടാ പാട്ടേലിനെതിരെയുള്ള സമരത്തിനും എന്നും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതാണ് എന്റെ രീതി... 21 ന് അതായത് നാളെ എന്‍സിപി പ്രഖ്യാപിച്ച ഭരണകൂട ഭീകരതക്കെതിരെയുള്ള സമരത്തിന് അഭിവാദ്യങ്ങള്‍. അതോടൊപ്പം ആസിഫ് അലിക്ക് ഐക്യദാര്‍ഢ്യം.