ദുബയില്‍ പോലിസ് വേഷത്തിലെത്തി തട്ടിപ്പ്; ആറരക്കോടി കവര്‍ന്നു

ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏഴംഗ സംഘം പിടിയില്‍. ദുബയ് പ്രാഥമിക കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു

Update: 2019-03-22 01:02 GMT

ദുബയ്: ദുബായില്‍ പൊലിസ് വേഷത്തിലെത്തിയവര്‍ രണ്ടു പാകിസ്താന്‍കാരെ തട്ടിക്കൊണ്ടുപോയി 3.5 ദശലക്ഷം ദിര്‍ഹം (ഏതാണ്ട് ആറര കോടി രൂപ) കവര്‍ന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏഴംഗ സംഘം പിടിയില്‍. ദുബയ് പ്രാഥമിക കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. 39 വയസ്സുള്ള യുഎഇ സ്വദേശിയും 38 വയസ്സുള്ള സിറിയക്കാരനുമാണ് തട്ടിപ്പിന് പിന്നില്‍. ഇവര്‍ക്കൊപ്പം സഹപൊലിസുകാരായി അഞ്ചു പേര്‍ വേറെയും ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ അഫ്ഗാന്‍ സ്വദേശിയും നാലുപേര്‍ പാകിസ്താന്‍കാരുമാണ്. ജനുവരിയില്‍ നയ്ഫ് ഭാഗത്താണ് സംഭവം.

ലാന്‍ഡ്ക്രൂയിസസറിലാണ് വ്യാജ പോലിസ് സംഘം എത്തിയത്. പൊലിസ് ഐഡി കാണിച്ച ശേഷമായിരുന്നു തട്ടിപ്പ്. പോലിസ് വേഷത്തിലെത്തിയ ഇവര്‍ നിങ്ങളുടെ കൈവശമുള്ള പണവുമായി ബന്ധപ്പെട്ട് ഒരു കേസ് ഉണ്ടെന്ന് പാക് സ്വദേശികളോട് പറഞ്ഞു. തുടര്‍ന്ന് ഞങ്ങളെ ജബല്‍ അലിയില്‍ പണം സൂക്ഷിച്ചിട്ടുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. കേസന്വേഷണത്തിന്റെ ഭാഗമായി പണം തങ്ങള്‍ കൊണ്ടുപോവുകയാണെന്ന് അവര്‍ പറഞ്ഞതായി പാക് സ്വദേശികള്‍ വ്യക്തമാക്കി.

തുടര്‍ന്ന്, വ്യാജ പോലിസ് സംഘം സ്ഥലത്തു നിന്നു പോയി. കേസിന്റെ വിവരങ്ങള്‍ അറിയാന്‍ അബൂദബി പോലിസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് തങ്ങള്‍ ചതിയില്‍പ്പെട്ട കാര്യം മനസിലായത്. രണ്ടു പ്രതികളെ ഉടന്‍ പൊലിസ് പിടികൂടി. ഇവര്‍ക്കെതിരെ പൊലിസ് വേഷത്തില്‍ തട്ടിപ്പ് നടത്തുക, മോഷണം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റം ചുമത്തി. ഇവരാണ് സംഘത്തിലുള്ള മറ്റു അഞ്ചു പേരെ കുറിച്ചുള്ള വിവരം നല്‍കിയത്. പാകിസ്താന്‍ സ്വദേശികളുടെ കൈവശം വലിയ തുകയുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പിന് വഴിയൊരുക്കിയത്.  

Tags:    

Similar News