തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു. വ്യാജ കേസ് ചമയ്ക്കാന്‍ കൂട്ടുനിന്നുവെന്ന കുറ്റം ചുമത്തിയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനെ സസ്‌പെന്റ് ചെയ്തത്. എക്‌സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ അന്വേഷണ റിപോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം. മയക്കുമരുന്നുണ്ടെന്ന് ഫോണ്‍ വഴി വിവരം ലഭിച്ച ഉടന്‍ തന്നെ ഷീലാ സണ്ണിയുടെ സ്ഥാപനത്തിലെത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് ഗുരുതര വീഴ്ചയാണെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. മാത്രമല്ല, വിഷയത്തില്‍ മന്ത്രി എം ബി രാജേഷ് ഇന്ന് ഷീലാ സണ്ണിയെ ഫോണില്‍ ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിക്കുകയും നടപടി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.