ഹരിയാനയില്‍ പോലിസുമായുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

പോലിസിന്റെ ലാത്തിച്ചാര്‍ജില്‍ ഇയാളുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. മരണകാരണം ഹൃദയസ്തംഭനമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Update: 2021-08-29 11:29 GMT

ന്യൂഡല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ പോലിസുമായുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. കര്‍ണാല്‍ സ്വദേശി സൂശീല്‍ കാജള്‍ ആണ് മരിച്ചത്. പോലിസിന്റെ ലാത്തിച്ചാര്‍ജില്‍ ഇയാളുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. മരണകാരണം ഹൃദയസ്തംഭനമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കര്‍ണാല്‍ പോലിസിന്റെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചുവെന്ന് ബികെയു നേതാവ് ഗുര്‍ണം സിങ് ചാദുനിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഒന്നരയേക്കര്‍ ഭൂമിയുള്ള സുശീല്‍ കാജല്‍ കഴിഞ്ഞ ഒമ്പത് മാസമായി കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു.

ഇന്നലെ കര്‍ണാല്‍ ടോള്‍ പ്ലാസയില്‍ പോലിസ് ലാത്തി ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം രാത്രിയില്‍ ഹൃദയാഘാതത്തിന് കീഴടങ്ങി. കര്‍ഷക സമൂഹം അദ്ദേഹത്തിന്റെ ത്യാഗം എപ്പോഴും ഓര്‍ക്കുമെന്നും ചാദുനി ട്വീറ്റില്‍ പറഞ്ഞു. മൂന്നാം ഘട്ട സമരപ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാലിലുണ്ടായ പോലിസ് നടപടിക്കെതിരേ പ്രതിഷേധം രാജ്യവ്യാപകമാക്കുകയാണ് കര്‍ഷകസംഘടനകള്‍.

വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി യോഗത്തിനെതിരേയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഉച്ചയ്ക്ക് കര്‍ണാലില്‍ ഹൈവേ ഉപരോധിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ബലം പ്രയോഗിക്കുകയായിരുന്നു. പോലിസ് നടപടിയെ അപലപിച്ച് കര്‍ഷക യൂനിയന്‍ നേതാക്കള്‍ ഹരിയാനയിലുടനീളമുള്ള കര്‍ഷകരോട് റോഡുകളില്‍ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ടു. വൈകുന്നേരത്തോടെ കര്‍ഷകര്‍ സംസ്ഥാനത്തുടനീളമുള്ള ഹൈവേയിലും ടോള്‍ പ്ലാസകളിലും നിരവധി ഭാഗങ്ങള്‍ തടഞ്ഞു. ഇത് ഗതാഗതക്കുരുക്കിന് കാരണമായി.

Tags:    

Similar News