കര്‍ഷക റാലിയിലെ സംഘര്‍ഷം: കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി മമതാ ബാനര്‍ജി

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ 'കര്‍ഷകരോടുള്ള വിവേകശൂന്യമായ മനോഭാവവും നിസ്സംഗതയുമാണ്' ഡല്‍ഹി സംഘര്‍ഷത്തിന് കാരണമായതെന്ന് വിവിധ ട്വീറ്റുകളിലൂടെ മമത കുറ്റപ്പെടുത്തി.

Update: 2021-01-27 01:59 GMT

കൊല്‍ക്കത്ത: റിപ്പബ്ലിക് ദിനത്തില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നടത്തിയ റാലിക്കിടെയുണ്ടായ അതിക്രമ സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ 'കര്‍ഷകരോടുള്ള വിവേകശൂന്യമായ മനോഭാവവും നിസ്സംഗതയുമാണ്' ഡല്‍ഹി സംഘര്‍ഷത്തിന് കാരണമായതെന്ന് വിവിധ ട്വീറ്റുകളിലൂടെ മമത കുറ്റപ്പെടുത്തി.

'ഡല്‍ഹി തെരുവുകളില്‍ സംഭവിച്ച ആശങ്കാജനകവും വേദനാജനകവുമായ സംഭവവികാസങ്ങള്‍ വളരെയധികം അസ്വസ്ഥമാക്കുന്നു. നമ്മുടെ കര്‍ഷക സഹോദരങ്ങളോടുള്ള കേന്ദ്രത്തിന്റെ വിവേകശൂന്യമായ മനോഭാവവും നിസ്സംഗതയുമാണ് ഈ സാഹചര്യത്തിലേക്ക് നയിച്ചതെന്നും മമത പറഞ്ഞു.  മറ്റൊരു ട്വീറ്റില്‍ കര്‍ഷകരെ ആത്മവിശ്വാസത്തിലാക്കാതെ നിയമങ്ങള്‍ പാസാക്കിയതായി ബാനര്‍ജി ആരോപിച്ചു.

കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യയിലുടനീളം കര്‍ഷകര്‍ പ്രതിഷേധിച്ചിട്ടും കര്‍ഷകര്‍ ഡല്‍ഹിക്ക് സമീപം തമ്പടിച്ചിട്ടും അവ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ച നടത്തുകയും കടുത്ത നിയമങ്ങള്‍ പിന്‍വലിക്കുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച, കര്‍ഷകരുടെ റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലിയില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ അവരുടെ മുന്‍കൂട്ടി നിശ്ചയിച്ച വഴിയില്‍ നിന്ന് മാറി റാലി നടത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് 15 എഫ്‌ഐആര്‍ പോലിസ് ഫയല്‍ ചെയ്തിട്ടുണ്ട്. അക്രമാസക്തമായ ഏറ്റുമുട്ടലില്‍ 86 ഓളം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Tags:    

Similar News