ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ വീണ്ടും പോലിസ് അതിക്രമം; നിരവധി പേര്‍ക്ക് പരിക്ക്
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ വസതിയ്ക്ക് മുന്നില്‍ ആയിരത്തോളം കര്‍ഷകര്‍ പ്രതിഷേധവുമായെത്തി.
ചണ്ഡീഗഡ്: ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ വീണ്ടും പോലിസ് അതിക്രമം. നെല്ല് സംഭരണം തുടര്‍ച്ചയായി വൈകുന്നതില്‍ പ്രതിഷേധിച്ച് ചാന്ദിനി മന്ദിര്‍ ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ പോലിസ് ലാത്തി ചാര്‍ജ് നടത്തി.
നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രാക്ടറിലെത്തിയ പ്രതിഷേധക്കാരെ പോലിസ് വളഞ്ഞിട്ടു തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം ഹരിയാനയില്‍ ശക്തമാവുകയാണ്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ വസതിയ്ക്ക് മുന്നില്‍ ആയിരത്തോളം കര്‍ഷകര്‍ പ്രതിഷേധവുമായെത്തി. കര്‍ഷകരെ പിരിച്ചുവിടാനായി പോലിസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തെ വിവിധ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകര്‍ പ്രതിഷേധിക്കുന്നുണ്ട്. ബിജെപി എംഎല്‍എമാരുടെ വസതികള്‍ക്ക് മുന്നിലും കര്‍ഷകര്‍ തമ്പടിച്ചിട്ടുണ്ട്.
അതേസമയം, നാളെ മുതല്‍ സംസ്ഥാനത്ത് നെല്ലു സംഭരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കര്‍ഷക സമ്മര്‍ദ്ദം ശക്തമായതോടെ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലയും കാര്‍ഷിക മന്ത്രി ജെ പി ദലാലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം ഡല്‍ഹിയിലെത്തിയതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനം കൈകൊണ്ടത്.