ചണ്ഡീഗഢില്‍ കര്‍ഷകരുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തു, പോലിസ് ജലപീരങ്കി പ്രയോഗിച്ചു

പോലിസ് ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പഞ്ച്കുള- ചണ്ഡീഗഡ് അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു.

Update: 2021-06-26 08:59 GMT

ന്യൂഡല്‍ഹി: ഇടവേളയ്ക്കുശേഷം കര്‍ഷകപ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം. ഹരിയാനയിലെ കര്‍ഷകര്‍ ചണ്ഡീഗഢില്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലിസ് ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പഞ്ച്കുള- ചണ്ഡീഗഡ് അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു. ചണ്ഡിഗഢിലേക്ക് പഞ്ച്കുളയിലെ നാദാ സാഹിബ് ഗുരുദ്വാരയില്‍നിന്ന് 11 കിലോമീറ്റര്‍ മാര്‍ച്ച് നടത്തിയാണ് ആയിരക്കണക്കിന് കര്‍ഷകര്‍ രാജ്ഭവനിലേക്കെത്തിയത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രധാന നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കനത്ത സുരക്ഷയാണ് പോലിസ് സജ്ജമാക്കിയിരുന്നത്.

ഉച്ചകഴിഞ്ഞ് ഒരുമണിയോടെയാണ് കര്‍ഷകര്‍ ചണ്ഡിഗഢ് അതിര്‍ത്തിയിലെത്തിയത്. ചണ്ഡിഗഢ് പോലിസ് പൂര്‍ണമായും ബാരിക്കേഡ് തീര്‍ക്കുകയും വാട്ടര്‍ ടാങ്കറുകള്‍ വിന്യസിക്കുകയും ചെയ്തിരുന്നു. കര്‍ഷകര്‍ ബാരിക്കേഡുകള്‍ നീക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലിസ് ജല പീരങ്കി പ്രയോഗിക്കാന്‍ തുടങ്ങി. ബാരിക്കേഡ് തകര്‍ത്താണ് കര്‍ഷകര്‍ ചണ്ഡിഗഢില്‍ പ്രവേശിച്ചത്. അതേസമയം, പഞ്ച്കുളയില്‍നിന്നുള്ള കര്‍ഷകരും ബാരിക്കേഡ് തകര്‍ത്ത് ചണ്ഡിഗഢില്‍ പ്രവേശിച്ചു. ഹരിയാനയിലെ കര്‍ഷകര്‍ ഹൗസിങ് ബോര്‍ഡ് ലൈറ്റ് പോയിന്റില്‍നിന്നാണ് ചണ്ഡിഗഢില്‍ പ്രവേശിച്ചത്. ഈ റോഡുകളില്‍ പോലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പഞ്ച്കുളയില്‍ ഗഗ്ഗര്‍ നദി പാലത്തിന് സമീപവും പോലിസ് കനത്ത ബാരിക്കേഡ് തീര്‍ത്തിരുന്നു.

കര്‍ഷകരെ തടയാന്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് സിമന്റ് ബീമുകളും സ്ഥാപിച്ചിട്ടുണ്ട്. കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ രാജ്യവ്യാപകമായി ഇന്ന് രാജ് ഭവനുകള്‍ ഉപരോധിക്കുന്നത്. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപരോധം. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും നിവേദനവും സമര്‍പ്പിക്കും. ഉപരോധം അക്രമാസക്തമാവാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചിരുന്നതാണ്. ഡല്‍ഹി- യുപി അതിര്‍ത്തികളില്‍ ഭാരതീയ കിസാന്‍ യൂനിയന്റെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലിയും നടക്കുന്നുണ്ട്. ശനിയാഴ്ച 32 കര്‍ഷക സംഘടനകളാണ് ചണ്ഡിഗഢിലെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.

Tags:    

Similar News