തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരേ പ്രചാരണം നടത്താനൊരുങ്ങി കര്‍ഷകര്‍
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരേ പ്രചാരണത്തിനിറങ്ങാനാണ് കര്‍ഷകരുടെ നീക്കം. ഇതിന്റെ ഭാഗമായി ഈ സംസ്ഥാനങ്ങള്‍ ബിജെപിക്കെതിരായ കാംപയിനുമായി കര്‍ഷക സംഘടനാ നേതാക്കള്‍ സന്ദര്‍ശിക്കും.
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന സമരം 98ാം ദിവസത്തിലേക്ക് കടക്കവെ പുതിയ സമരനീക്കവുമായി കര്‍ഷക സംഘടനകള്‍. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരേ പ്രചാരണത്തിനിറങ്ങാനാണ് കര്‍ഷകരുടെ നീക്കം. ഇതിന്റെ ഭാഗമായി ഈ സംസ്ഥാനങ്ങള്‍ ബിജെപിക്കെതിരായ കാംപയിനുമായി കര്‍ഷക സംഘടനാ നേതാക്കള്‍ സന്ദര്‍ശിക്കും.കര്‍ഷക കൂട്ടായ്മകളിലൂടെയും പൊതുപരിപാടികളിലൂടെയും ബിജെപിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ തുറന്നു കാണിക്കുകയാണ് ലക്ഷ്യം.
കേരളം ഉള്‍പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കര്‍ഷക നേതാക്കളെത്തും. മാര്‍ച്ച് 12ന് പശ്ചിമ ബംഗാളില്‍ പര്യടനത്തിന് തുടക്കം കുറിക്കും. ബിജെപിയെ തോല്‍പ്പിക്കണമെന്ന് മാത്രമേ ജനങ്ങളോട് അഭ്യര്‍ത്ഥിക്കൂ. ഏതെങ്കിലും പാര്‍ട്ടിക്കായി പ്രത്യേകമായി വോട്ട് ചോദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് ബല്‍ബിര്‍ സിംഗ് രജേവാള്‍ വ്യക്തമാക്കി. മോദി സര്‍ക്കാര്‍ എങ്ങനെയാണ് കര്‍ഷകരോട് ഇടപെട്ടതെന്ന് ജനങ്ങളുടെ മുമ്പില്‍ തുറന്നു കാണിക്കുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു.
കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവന്ന മോദി സര്‍ക്കാരിനെ വോട്ടെടുപ്പിലൂടെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് കര്‍ഷക നേതാക്കള്‍ കത്ത് അയക്കും.